ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുതിയ രോഗം ബാധിച്ച് മൂന്നു കുട്ടികള്‍ മരിച്ചു.
ന്യൂയോര്‍ക്കിലാണ് സംഭവം. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രക്തക്കുഴലുകള്‍ ചീര്‍ക്കുകയും അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്ന അസുഖത്തെ ‘ഒരു പുതിയ രോഗം’ എന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക് സംസ്ഥാനത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സമാനമായ 75 കേസുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോവിഡിന്റെ സാധാരണ ലക്ഷണങ്ങളൊന്നും കുട്ടികളില്‍ പലരും കാണിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനകളില്‍ പോസിറ്റീവ് ആകുകയോ കോവിഡുമായി ബന്ധപ്പെട്ട ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുകയോ ചെയ്തിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. അതിനാല്‍ പ്രായം കുറഞ്ഞവരെയും കോവിഡ് ഗുരുതരമായി ബാധിക്കുമെന്നാണ് ഈ മൂന്നുമരണങ്ങളും സൂചിപ്പിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.