കോഴിക്കോട്: ടിപ്പര്‍ ലോറി ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മാവൂര്‍ കായലം ചെങ്ങോട്ടുകുഴിയില്‍ സി കെ അഷ്‌റഫിനെ (47)യാണ് കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി ജഡ്ജ് കെ അനില്‍കുമാര്‍ ശിക്ഷിച്ചത്.
2017 ഡിസംബര്‍ 16ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കെ എല്‍11 ഇസെഡ് 9474 നമ്പര്‍ ടിപ്പര്‍ ലോറി ഒരു സ്‌കൂട്ടറിനും ഒരു ബുള്ളറ്റിനും ഒരു സൈക്കിള്‍ യാത്രക്കാരനെയും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി ചന്ദ്രിക, ബുള്ളറ്റ് ഓടിച്ച ദിപിന്‍, സൈക്കിള്‍ യാത്രികനായ ശിവദാസന്‍ നായര്‍ എന്നിവര്‍ കൊല്ലപ്പെട്ടു.
അന്നത്തെ സിറ്റി ട്രാഫിക് ഇന്‍സ്‌പെക്റ്റര്‍ ടി പി ശ്രീജിത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി പറഞ്ഞത്.
അശ്രദ്ധയോടെ അതിവേഗത്തില്‍ വാഹനമോടിച്ചതിനാലാണ് അപകടമുണ്ടായതെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ എം ജയദ്വീപ് കോടതിയില്‍ ഹാജരായി.