ന്യൂഡല്‍ഹി: മൂന്നു യുവാക്കള്‍ ചേര്‍ന്ന് മൂന്നു മദ്രസ വിദ്യാര്‍ത്ഥികളെ മതപരമായ വാക്യം പറയാന്‍ തയ്യാറാകാത്തതിന് മര്‍ദ്ദിച്ചെന്ന് ആരോപണം. ഡല്‍ഹിക്ക് പുറത്തുള്ള ബഗുംപൂര്‍ പ്രദേശത്ത് വിദ്യാര്‍ത്ഥികളുടെ സ്‌കൂളിനു പുറത്തുള്ള പാര്‍ക്കില്‍ വച്ചാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ കൈയ്ക്ക് ഒടിവുണ്ട്.
എന്നാല്‍ സംഭവം നടന്ന ദിവസം തന്ന മൊഴിയില്‍ കൈയൊടിഞ്ഞ വിദ്യാര്‍ത്ഥി ഇക്കാര്യങ്ങള്‍ ഒന്നും പറഞ്ഞിരുന്നില്ല. കുട്ടിയുടെ മൊഴിയില്‍ സ്ഥിരതയില്ലായ്മ ഉണ്ട്. പൊലീസ് പറയുന്നു. മാര്‍ച്ച് 26നാണ് സംഭവം നടന്നതെന്നും മൂന്നു കുട്ടികള്‍ചേര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അടിപിടിനടന്നതിനെ കുറിച്ച് പരാതിപ്പെട്ടുകൊണ്ട് വിളിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസിനോട് 18നും 21നും ഇടയ്ക്ക് പ്രായമുള്ള മറ്റ് മൂന്നു യുവാക്കള്‍ ചേര്‍ന്ന് തങ്ങളെ വടികള്‍ കൊണ്ട് മര്‍ദ്ദിച്ചതായി അവര്‍ പറഞ്ഞു. ഉടന്‍ തന്നെ മദ്ദനമേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. രണ്ടുപേര്‍ക്ക് പരിക്കൊന്നും ഏറ്റിരുന്നില്ല. എന്നാല്‍ എക്‌സ്‌റേ എടുത്തതില്‍ ഒരാള്‍ക്ക് ഒടിവുണ്ടെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു.
പിന്നീട് പരിക്കേറ്റ വിദ്യാര്‍ത്ഥി ‘ജയ് മാതാ ദി ‘ എന്ന് പറയാത്തതിനാലാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് പൊലീസിന് മൊഴി നല്‍കുകയും അത് പൊലീസ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. രണ്ടാമത്തെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം ചില വൃത്തങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളോട് ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിക്കാനാണ് അവരെ ഉപദ്രവിച്ച യുവാക്കള്‍ പറഞ്ഞതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി ചിലരോട് പറഞ്ഞതായി വിവരം ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥി ഇതുവരെ പൊലീസിനോട് ‘ഭാരത് മാതാ കി ജയ്’ വിളിക്കാത്തതിനാണ് പ്രശ്‌നമുണ്ടായതെന്ന് പറഞ്ഞിട്ടില്ല. ഐ.പി.സി സെക്ഷന്‍ 323, 325, 341 എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.