ന്യൂഡല്‍ഹി: ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി മൂന്നംഗ നിരീക്ഷണ സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. വിദേശ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം സെക്രട്ടറി അമര്‍ സിന്‍ഹയാണ് സമിതി അധ്യക്ഷന്‍.
തന്റെ ആരോഗ്യം ക്ഷയിച്ചിരിക്കുകയാണെന്നും ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു ഫാ.ടോം ഉഴുന്നാലിലിന്റേതായി ഡിസംബറില്‍ വീഡിയോ പുറത്തുവന്നിരുന്നു. യൂട്യൂബില്‍ സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ആരാണെന്നോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്നോ വ്യക്തമായിരുന്നില്ല.
2015 മാര്‍ച്ച് നാലിനു യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വയോജന പരിപാലന കേന്ദ്രത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാലു സന്യാസിനികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ വച്ചാണ് ഫാ.ടോമിനെ ബന്ദിയാക്കിയത്. അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത് അല്‍ക്വയ്ദ ആണെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.