കൊച്ചി: ഉന്നത മാനേജ്‌മെന്റ് തലത്തില്‍ സമീപകാലത്ത് നടന്ന അഴിച്ചുപണിക്ക് ശേഷം കൊച്ചി സ്മാര്‍ട്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകുന്നു.
സ്മാര്‍ട്‌സിറ്റിയിലെ 6.5 ലക്ഷം ച.അടി വിസ്തൃതിയുള്ള ഒന്നാം ഐടി മന്ദിരത്തില്‍ ഒരു മാസത്തിനിടെ മൂന്ന് കമ്പനികള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചു.
ഗാഡ്ജിയോണ്‍ സ്മാര്‍ട് സിസ്റ്റംസ്, അബ്‌സര്‍ ടെക്‌നോളജീസ്, ഓബറോണ്‍ ടെക്‌നോളജീസ് എന്നീ കമ്പനികളാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച കമ്പനികളുടെ എണ്ണം 16 ആയി.
ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ഹോം ഓട്ടോമേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ഹെല്‍ത്ത്‌കെയര്‍, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സ്‌പെഷലൈസ് ചെയ്തതാണ് ആഗോള ഇലക്ട്രോണിക്‌സ് പ്രോഡക്ട് ഡിസൈന്‍ കമ്പനിയായ ഗാഡ്ജിയോണ്‍ സ്മാര്‍ട് സിസ്റ്റംസ്.
സ്മാര്‍ട്‌സിറ്റിയില്‍ 5,600 ച.അടി സ്ഥലമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ 145 ജീവനക്കാരില്‍ നിലവില്‍ 30 പേരെയാണ് സ്മാര്‍ട്‌സിറ്റിയിലേക്ക് മാറ്റിയിരിക്കുന്നത്.
സമീപഭാവിയില്‍ തന്നെ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും.
ലോകോത്തര ഐടി പാര്‍ക്കിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഗാഡ്ജിയോണ്‍ സ്മാര്‍ട് സിസ്റ്റംസ് സിഇഒയും ഡയറക്ടറുമായ ഹരിപ്രസാദ് വി. നായര്‍ പറഞ്ഞു.
‘കമ്പനിയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സ്മാര്‍ട്‌സിറ്റിയില്‍ ഓഫീസ് ആരംഭിച്ചത്. പ്രത്യേക സാമ്പത്തിക മേഖലയിലെ സാന്നിധ്യം ഞങ്ങള്‍ക്കേറെ ഗുണം ചെയ്യും. കൂടാതെ അടിസ്ഥാനസൗകര്യങ്ങളെല്ലാം സ്മാര്‍ട്‌സിറ്റി മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്നത് കാരണം ഞങ്ങള്‍ക്ക് ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാകും,’ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രധാന ഐടി പാര്‍ക്കുകളില്‍ ഒന്നായ കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍ ഓഫീസ് തുറക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അബ്‌സര്‍ ടെക്‌നോളജി സൊല്യൂഷന്‍സ് എംഡി ഷംസുദ്ദീന്‍ വെങ്കിട്ട പറഞ്ഞു.
നൂതന സാങ്കേതികവിദ്യ വികസനത്തിനുള്ള കമ്പനിയുടെ ഭാവി പരിപാടികള്‍ക്കുള്ള ടെക്‌നോളജി എക്‌സലെന്‍സ് സെന്ററായും സ്മാര്‍ട്‌സിറ്റി വര്‍ത്തിക്കുമെന്നും ഷംസുദ്ദീന്‍ വെങ്കിട്ട പറഞ്ഞു.
ലോകോത്തര ഐടി സേവനങ്ങള്‍ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് കമ്പനിയായ ഓബറോണ്‍ ടെക്‌നോളജിയാണ് സ്മാര്‍ട്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ച മറ്റൊരു കമ്പനി.
2,732 ച.അടി വിസ്തൃതിയുള്ള ഓഫീസില്‍ നിലവില്‍ 32 ജീവനക്കാരാണുള്ളത്. വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ഐടി വ്യവസായ മേഖലയിലെ വൈദഗ്ധ്യവും അനന്ത സാധ്യതകളും ഉപയോഗപ്പെടുത്തുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഇതിന് സ്മാര്‍ട്‌സിറ്റിയിലെ ഓഫീസ് ഏറെ സഹായകമാകുമെന്നും ഓബറോണ്‍ ടെക്‌നോളജി എംഡി രാമന്‍ അശോക് കുമാര്‍ പറഞ്ഞു.