Three News Channels Face Action for Airing ‘Doctored’ JNU Tapes

ന്യൂഡല്‍ഹി: രാജ്യത്തെ ഒരു സര്‍ക്കാരിനും കാണിക്കാന്‍ കഴിയാത്ത ധൈര്യം കാട്ടിയ കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നടപടിയില്‍ അന്തംവിട്ട് രാഷ്ട്രീയ കേന്ദ്രങ്ങള്‍.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ അഫ്‌സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് വ്യാജവീഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത മൂന്ന് പ്രമുഖ ചാനലുകള്‍ക്കെതിരെ കേസ് കൊടുത്ത ഡല്‍ഹി സര്‍ക്കാരിന്റെ നടപടിയാണ് ഇപ്പോള്‍ സകലരെയും ഞെട്ടിച്ചിരിക്കുന്നത്.

സി ടിവി, ടൈംസ് നൗ,ന്യൂസ് എക്‌സ് ചാനലുകള്‍ക്കെതിരെയാണ് കേസ്.ക്രിമിനല്‍ നടപടി ചട്ടത്തിലെ 200-ാം വകുപ്പ് പ്രകാരം പട്യാലഹൗസ് കോടതിയില്‍ നല്‍കിയ കേസില്‍ മജിസ്‌ട്രേറ്റിന് നേരിട്ട് കേസെടുക്കാവുന്നതാണ്. പരാതി തിങ്കളാഴ്ച കോടതി പരിഗണിക്കും.

ഫെബ്രുവരി ഒന്‍പതിനാണ് ജെഎന്‍യുവില്‍ ‘വിവാദ’ ചടങ്ങ് നടന്നത്. ഇതില്‍ പങ്കെടുത്തവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായാണ് ആരോപണം.

സിടിവി സംപ്രേക്ഷണം ചെയ്ത ചടങ്ങിന്റെ വീഡിയോ ദൃശ്യം അടിസ്ഥാനമാക്കി പിന്നീട് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

രാജ്യമെങ്ങും അലയടിച്ച വിവാദത്തിനിടെ വീഡിയോ ദൃശ്യം കൃത്രിമമായി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഇടത്പാര്‍ട്ടി നേതാക്കള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സിപിഐ നേതാവ് ഡി രാജയുടെയും നേതൃത്വത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരിട്ട് പരാതി നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചാനലുകള്‍ പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ലാബിലേക്ക് അയച്ച് പരിശോധിപ്പിക്കുകയും ചെയ്തു.

ഈ പരിശോധനയില്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളില്‍ കൃത്രിമം നടന്നതായ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നത്.

സര്‍വ്വകലാശാലയില്‍ നടന്ന ഒരു ചടങ്ങിന്റെ ദൃശ്യവും മറ്റൊരു ചടങ്ങിന്റെ ശബ്ദരേഖയും ചേര്‍ത്താണ് വിവാദ വീഡിയോ ദൃശ്യം നിര്‍മ്മിച്ചതെന്നായിരുന്നു കണ്ടെത്തല്‍.

കനയ്യ കുമാര്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതായി ചാനലുകള്‍ പുറത്ത് വിട്ട വീഡിയോ കൃത്രിമമാണെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ചാനലുകള്‍ക്കെതിരെ ക്രിമിനല്‍കേസ് കൊടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയമവിഭാഗത്തെ ചുമതലപ്പെടുത്തുകയും പിന്നീട് അവരുടെ അഭിപ്രായം പരിഗണിച്ച് കേസ് നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ തന്നെ നേരിട്ട് പരാതി നല്‍കിയതിനാല്‍ കോടതിക്ക് കേസെടുക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലും മാധ്യമ മുതലാളിമാര്‍ക്ക് മുന്നിലും മുട്ട് വിറക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നടപടി അമ്പരപ്പാണ് സൃഷ്ടിച്ചതെങ്കില്‍, തങ്ങള്‍ക്ക് നേരെ ചെരുവിരലനക്കാന്‍ ആര്‍ക്കും ധൈര്യം കാണില്ലെന്ന് അഹങ്കരിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ ഞെട്ടലോട് കൂടിയാണ് ഡല്‍ഹി സര്‍ക്കാര്‍ നടപടിയെ വീക്ഷിക്കുന്നത്.

കടുത്ത പ്രതിസന്ധികളെ അതിജീവിച്ചും അധികാരമേറ്റെടുത്ത നാള്‍ മുതല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കി മാതൃക കാട്ടുന്ന ആംആദ്മി സര്‍ക്കാര്‍ മാധ്യമ വാര്‍ത്തകള്‍ വഴി ലഭിക്കുന്ന അംഗീകാരത്തേക്കാള്‍ ജനസഭകള്‍ വിളിച്ച് ചേര്‍ത്ത് കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ് ഡല്‍ഹിയില്‍ നടപ്പാക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസിനെ ‘വെട്ടി’ കെജ്‌രിവാള്‍ നടത്തിയ ജുഡീഷ്യല്‍ അന്വേഷണവും തുടര്‍നടപടിയും മോദി സര്‍ക്കാരിനുള്ള ഒരു മുന്നറിയിപ്പ് കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.

Top