ന്യൂഡൽഹിഃ ബിപിസിഎലിനെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മൂന്നു കമ്പനികള്‍ സമീപിച്ചതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാൻ. എന്നാൽ കമ്പനികളേതൊക്കെയാണെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ചില വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് താല്‍പര്യപത്രം ലഭിച്ചിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. രണ്ട് യുഎസ് നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നും വേദാന്തയിൽ നിന്നും താല്‍പര്യപത്രം ലഭിച്ചതായുള്ള സൂചനകൾ പുറത്തുവന്നിരുന്നു. പ്രഥമിക റൗണ്ടില്‍ താല്‍പര്യപത്രം ലഭിച്ചാല്‍ അടുത്തഘട്ടമായി ഫിനാന്‍ഷ്യല്‍ ബിഡ് സമര്‍പ്പിക്കാനാണ് ആവശ്യപ്പെടുക.
കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണം ബിപിസിഎലിന്റെ ഓഹരി വില്പനയ്ക്ക് താല്‍പര്യപത്രം ക്ഷണിച്ചു കൊണ്ടുള്ള തിയതി സര്‍ക്കാര്‍ നാലു തവണ നീട്ടിയിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎലിന്റെ 53 ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. ഇതിലൂടെ 45,000 കോടി രൂപ നേടാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.