വാന്‍ ഡ്രൈവര്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം; മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: സിഖുകാരനായ ടെമ്പോ വാന്‍ ഡ്രൈവറെ നടുറോഡില്‍ വച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ഡല്‍ഹി പൊലീസിന്റെ നടപടി വിവാദത്തില്‍. വാനും പൊലീസ് വാഹനവും തമ്മിലിടിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ ഡ്രൈവര്‍ തങ്ങളെ ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ദൃക്സാക്ഷികള്‍ ഇത് നിഷേധിക്കുന്നു. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ ഞായറാഴ്ച്ചയാണ് സംഭവം. സിഖുകാരനായ ഡ്രൈവറെ പൊലീസുകാര്‍ ലാത്തികൊണ്ട് തല്ലുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന 16കാരനായ മകനെയും പൊലീസ് മര്‍ദ്ദിച്ചു.സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഡ്രൈവര്‍ കയ്യില്‍ വാള് പിടിച്ചിരിക്കുന്നതായി കാണാം. ഇതുപയോഗിച്ച് ഇയാള്‍ ഒരു തങ്ങളെ ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, വാളുയര്‍ത്തി ഭീഷണിപ്പെടുത്തിയതല്ലാതെ ഇയാള്‍ പൊലീസുകാര്‍ക്കെതിരെ അക്രമണം നടത്തിയില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

തലപ്പാവിന്റെ പേരില്‍ ഡ്രൈവറെ പൊലീസ് അധിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി എംഎല്‍എ മജീന്ദര്‍ സിങ് സിര്‍സ രംഗത്തെത്തിയതോടെ സംഭവം കൂടുതല്‍ വിവാദമായി. രാഷ്ട്രീയക്കാരും സിഖ് സംഘടനകളും പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്ന് ആവിശ്യപ്പെട്ടു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും വിഷയത്തില്‍ ഉന്നത തല അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Top