ലക്ഷ്യമിട്ടത് യുഎസ് എംബസിയെ; പതിച്ചത് അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍

ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും മിസൈല്‍ അക്രമണം. എന്നാല്‍ എംബസി ലക്ഷ്യമാക്കിയെത്തിയ മിസൈലുകള്‍ ലക്ഷ്യം തെറ്റി അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ പതിച്ചതായാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുള്ളതായാണ് വിവരം. തുടര്‍ച്ചയായ രണ്ടാം രാത്രിയാണ് അമേരിക്കന്‍ എംബസിക്ക് നേരെ അക്രമം നടക്കുന്നത്. യുഎസ് ഡ്രോണ്‍ അക്രമണത്തില്‍ ഇറാന്‍ ജനറല്‍ കാസെം സൊലേമാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് അക്രമങ്ങള്‍.

ബാഗ്ദാദില്‍ മൂന്ന് കാത്യുഷ റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതില്‍ രണ്ടെണ്ണമാണ് സുരക്ഷിത മേഖലയായ ഗ്രീന്‍ സോണില്‍ ചെന്നുപതിച്ചത്. കുടുംബങ്ങള്‍ താമസിച്ച വീടുകളിലാണ് ഒരു റോക്കറ്റ് പതിച്ചതെന്നാണ് വിവരം. യുഎസ്, എംബസിയും, ഇറാഖ് ഗവണ്‍മെന്റും കേന്ദ്രീകരിക്കുന്ന ഗ്രീന്‍ സോണില്‍ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ബാഗ്ദാദിലെ പ്രദേശവാസികളും വ്യക്തമാക്കി.

യുഎസ് സേനകളില്‍ നിന്നും അകലം പാലിക്കാന്‍ പ്രാദേശിക സേനകള്‍ക്ക് ഇറാന്‍ അനുകൂല വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് റോക്കറ്റുകള്‍ കുതിച്ചത്. അമേരിക്കന്‍ വിരുദ്ധ വിഭാഗമായ കാതായെബ് ഹിസ്‌ബൊള്ളയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 14ാം തവണയാണ് ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ റോക്കറ്റ് തൊടുക്കുന്നത്.

അമേരിക്കന്‍ സൈന്യങ്ങള്‍ തമ്പടിക്കുന്ന ബലാദ് എയര്‍ബേസ് മേഖലയിലും മൂന്ന് റോക്കറ്റുകള്‍ പതിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ അനുകൂല പ്രതിഷേധക്കാര്‍ യുഎസ് എംബസിയില്‍ അതിക്രമിച്ച് കടന്ന് ഒരു ദിവസം നീണ്ട അക്രമം അഴിച്ചുവിട്ടതോടെയാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്.

Top