തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകരെ ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
കേസില്‍ മുഖ്യപ്രതി ആര്‍ എസ് എസ് ജില്ലാ പ്രചാരക് പ്രവീണിനെയും സഹായി ശ്രീജിത്തിനെയും ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്.
പൊലീസ് സ്റ്റേഷനിലേക്ക് നാല് പ്രാവശ്യമാണ് ബോംബേറുണ്ടായത്.
നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് സി സി ടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നെടുമങ്ങാട് എസ് ഐയെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടിയതിനുശേഷമാണ് ആക്രണമുണ്ടായത്. പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയെങ്കിലും കാര്യമായി വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ആര്‍ എസ് എസ് ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലുമെല്ലാം പൊലീസ് പരിശോധന നടത്തി. പ്രവീണിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരനുള്‍പ്പെടെ ഏഴ് പേര്‍ ബോംബേറ് കേസില്‍ പിടിയിലായിരുന്നു.
സംഭവം നടന്ന് ആഴ്ചകള്‍ക്ക് ശേഷവും പ്രതിയെ പിടികൂടാനാകാത്തത് വലിയ നാണക്കേടാണ് പൊലീസിന് ഉണ്ടാക്കിയിരുന്നത്. സമ്മര്‍ദ്ദം ശക്തമയാതോടെയാണ് പ്രതികളായ പ്രവീണും, ശ്രീജിത്തും തമ്പാനൂരില്‍ നിന്ന് രാവിലെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന വിവരം നെടുമങ്ങാട് ഡിവൈഎസ്പി ബി അശോകന് ലഭിക്കുന്നത്. രാവിലെ മുതല്‍ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ പൊലീസുണ്ടായിരുന്നു. പ്രവീണും ശ്രീജിത്തുമെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.