ഗുവാഹത്തി: അസമിലെ മഹൂര്‍ പട്ടണത്തില്‍ ജനക്കൂട്ടം ആക്രമിച്ച മൂന്ന് സന്യാസിമാര്‍ക്ക് രക്ഷകന്‍മാരായത് സൈന്യം. കുട്ടികളെ കടത്തികൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ച സന്യാസിമാരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ വരുന്നുണ്ടെന്ന തരത്തില്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ച സന്ദേശമാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് വഴിവെച്ചത്.
ത്രിപുര സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മഹൂറിലെത്തിയ സന്യാസി സംഘം സഞ്ചരിച്ച കാര്‍ 500റോളം വരുന്ന ജനകൂട്ടം തടയുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുറത്തേക്ക് മൂവരെയും വലിച്ചിറക്കുകയും കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയവരാണെന്ന് ആരോപിക്കുകയും ചെയ്തു.
വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ സൈന്യം മൂന്നു പേരെ രക്ഷപ്പെടുത്തുകയും ചോദ്യം ചെയ്തതിന് ശേഷം പൊലീസിന് കൈമാറുകയും ചെയ്തു. കഴിഞ്ഞമാസം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് ഗുവാഹത്തിയില്‍ നിന്നുള്ള രണ്ട് യുവാക്കളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
ഇതേതുടര്‍ന്ന് രാജ്യത്തിന്റെ ക്രമസമാധാന നിലയെ സ്വാധീനിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭീഷണി അവസാനിപ്പിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.