സൗദി അറേബ്യയില്‍ ശക്തിയാര്‍ജ്ജിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. രണ്ട് മുതിര്‍ന്ന രാജകുമാരന്‍മാര്‍ ഉള്‍പ്പെടെ മൂന്ന് രാജകുടുംബാംഗങ്ങളെയാണ് സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അധികാരത്തില്‍ തന്റെ ശക്തി കൂടുതല്‍ പ്രകടമാക്കുന്ന സല്‍മാന്‍ രാജകുമാരന്റെ നിലപാടുകളുടെ സൂചനയാണ് ഈ അറസ്റ്റുകള്‍ എന്നാണ് കരുതുന്നത്.
സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുളസീസ് അല്‍ സൗദ്, ഭരണാധിപന്റെ മരുമകന്‍ മുഹമ്മദ് ബിന്‍ നയേഫ് രാജകുമാരന്‍ എന്നിവരെ വെള്ളിയാഴ്ച ഇവരുടെ വീടുകളില്‍ നിന്നും രാജകീയ ഗാര്‍ഡുമാര്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പിടിച്ചിറക്കി കൊണ്ടുപോയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂയോര്‍ക്ക് ടൈംസും ഈ റിപ്പോര്‍ട്ടുകള്‍ പങ്കുവെച്ചിട്ടുണ്ട്. നയേഫ് രാജകുമാരന്റെ ഇളയ സഹോദരന്‍ നവാഫ് ബിന്‍ നയേഫും അറസ്റ്റിലായതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. സൗദി അധികൃതര്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല. പ്രമുഖ പുരോഹിതന്‍മാരെയും, ആക്ടിവിസ്റ്റുകള്‍ക്കും പുറമെ രാജകുമാരന്‍മാരെയും, ബിസിനസ്സ് വ്യക്തിത്വങ്ങളെയും പിടികൂടി അധികാരത്തില്‍ പിടിയുറപ്പിക്കുന്ന നിയുക്ത രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റേതാണ് പുതിയ നടപടികള്‍.
ഭരണകൂടത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ ഈസ്താബൂളിലെ കോണ്‍സുലേറ്റില്‍ വെച്ച് വധിച്ചതോടെ സല്‍മാന്‍ രാജകുമാരനെതിരെ ആഗോള തലത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. തന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നവരെയെല്ലാം ജയിലിലേക്ക് അയച്ചാണ് മുഹമ്മദ് രാജകുമാരന്‍ നീങ്ങുന്നത്. തന്നെ മറികടക്കാന്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ പോലും ശ്രമിക്കരുതെന്ന സന്ദേശമാണ് പുതിയ അറസ്റ്റുകള്‍ നല്‍കുന്നത്.
കൊറോണാവൈറസ് ഭീതി മൂലം ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സുപ്രധാന ഘട്ടത്തിലാണ് രാജകുമാരന്‍മാരെ രാജ്യദ്രോഹം ആരോപിച്ച് തടവിലാക്കുന്നത്.