തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം 300 കിലോ ഹെറോയിനും 5 എകെ 47 തോക്കുകളും 1000 വെടിയുണ്ടകളുമായി പിടിയിലായ മൂന്ന് ശ്രീലങ്കന്‍ മല്‍സ്യബന്ധന ബോട്ടുകളെയും അതിലുണ്ടായിരുന്ന 19 പേരെയും തീരസംരക്ഷണ സേന വിഴിഞ്ഞത്ത് എത്തിച്ചു. 3000 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ആണ് ഇവരില്‍ നിന്ന് പിടികൂടിയിരിക്കുന്നത്.
വിഴിഞ്ഞത്ത് എത്തിച്ച ബോട്ടിലുണ്ടായിരുന്നവരെ നര്‍കോടിക്സ് കണ്ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ഇക്കഴിഞ്ഞ 18-നാണ് ബോട്ടുകള്‍ തീരസംരക്ഷണ സേന പിടികൂടിയത്. ലക്ഷദ്വീപിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കണ്ട ഏഴ് ബോട്ടുകള്‍ തീരസംരക്ഷണ സേനയുടെ ഡോണിയര്‍ വിമാനം നിരീക്ഷിച്ചു വരികയായിരുന്നു.
ഇതില്‍ എട്ട് ദിവസമായി മിനിക്കോയ് ദ്വീപിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുകയായിരുന്ന മൂന്ന് ബോട്ടുകളെ തീര സംരക്ഷണ സേന വിദഗ്ധമായി പിടികൂടുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായാല്‍ മയക്കുമരുന്നും ആയുധങ്ങളും കടലില്‍ കളയുകയാണ് ഈ സംഘങ്ങളുടെ പതിവ്.
അതിനാല്‍ അതിവിദഗ്ധമായി ഡെങ്കി ബോട്ടുകളുടെ സഹായത്തില്‍ കമാന്‍ഡോ സംഘത്തെ നിയോഗിച്ചാണ് ബോട്ടുകളെ തീരസംരക്ഷണ സേന പിടികൂടിയത്. പിന്നാലെ നടത്തിയ ചോദ്യംചെയ്യലില്‍ ബോട്ടിലുണ്ടായിരുന്നവരുടെ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയതോടെ നടത്തിയ പരിശോധനയില്‍ രവി ഹന്‍സി എന്ന ബോട്ടില്‍ നിന്ന് അറകളില്‍ സൂക്ഷിച്ച നിലയില്‍ എകെ 47 തോക്കും 1000 തിരകളും മുന്നൂറ് കിലോ ഹെറോയിനും കണ്ടെത്തി.