ഐ.എം.എയുടേതുള്‍പ്പെടെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സ് (ഐ.സി.ഡബ്‌ള്യു.എ), മൈക്രോ ഫിനാന്‍സ് ബാങ്കായ മന്‍ ദേശി മഹിളാ ബാങ്ക് എന്നിവയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് സംഭവം. ഹാക്കര്‍മാര്‍ ഹാന്‍ഡില്‍ ‘ഇലോണ്‍ മസ്‌ക്’ എന്ന് പുനര്‍നാമകരണം ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെ ക്രിപ്‌റ്റോകറന്‍സിയെ പ്രോത്സാഹിപ്പിക്കുന്ന ചില ട്വീറ്റുകളാണ് അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടപ്പോഴും സമാന രീതിയിലുള്ള ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തിരുന്നത്.

ഐ.സി.ഡബ്‌ള്യു.എയുടെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടെടുത്തെങ്കിലും ഐ.എം.എയുടെയും മന്‍ ദേശി മഹിളാ ബാങ്കിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ ഇപ്പോഴും ദൃശ്യമാണ്. അക്കൗണ്ട് ഉടമകളുടെ പാസ്‌വേഡ് മോഷ്ടിക്കപ്പെട്ടതോ, ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്തതോ ആകാം ഹാക്ക് ചെയ്യപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഐ.ടി സെക്യൂരിറ്റി ഗ്രൂപ്പാണ് ഇക്കാര്യം പരിശോധിക്കുന്നത്.

 

Top