കൊച്ചി : കൈക്കുഞ്ഞുമായി കാറില്‍ പോവുമ്പോള്‍ അഭിഭാഷകനും കുടുംബത്തിനും നേര്‍ക്കു സ്‌കൂട്ടറിലെത്തിയ യുവതികളുടെ പരാക്രമം.
ഒരേ സ്‌കൂട്ടറില്‍ പോയ മൂന്നു യുവതികളാണു കാര്‍ പെട്ടെന്നു ബ്രേക്ക് ചെയ്തതിന്റെ പേരില്‍ കൈക്കുഞ്ഞുമായി മുന്‍സീറ്റിലിരുന്ന സ്ത്രീയെ അടിക്കാന്‍ ശ്രമിച്ചത്.സ്ത്രീ കൈവച്ചു തടഞ്ഞതിനാല്‍ അടി ദേഹത്തുകൊണ്ടില്ല.
സംഭവത്തില്‍ കടവന്ത്ര കുമാരനാശാന്‍ നഗര്‍ സെന്റ് സെബാസ്റ്റ്യന്‍ റോഡ് ഗാലക്‌സി വിന്‍സ്റ്ററില്‍ സാന്ദ്ര ശേഖര്‍ (26), തൃശൂര്‍ മുളങ്കുന്നത്തുകാവ് നങ്ങേത്തില്‍ എം.അജിത (25), കോട്ടയം അയ്യര്‍കുളങ്ങര വല്ലകം മഠത്തില്‍പറമ്പില്‍ ശ്രീല പത്മനാഭന്‍ (30) എന്നിവരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു.
മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ക്കു കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്നു മൂന്നു കുപ്പി ബീയര്‍ കണ്ടെടുത്തു.
യുവതികള്‍ സിനിമാ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണ്.ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടവന്ത്ര പമ്പ് ജംക്ഷനിലായിരുന്നു സംഭവം.
ഹൈക്കോടതി അഭിഭാഷകനായ വൈറ്റില സ്വദേശി പി.പ്രജിത്, ഭാര്യ ശ്രീജ, രണ്ടു മക്കള്‍ എന്നിവരായിരുന്നു കാറില്‍. മുന്നില്‍ പോയ ഓട്ടോറിക്ഷ പെട്ടെന്നു തിരിഞ്ഞപ്പോള്‍ പ്രജിത് കാര്‍ ബ്രേക്ക് ചെയ്തു.
തൊട്ടുപിന്നില്‍ സ്‌കൂട്ടറിലായിരുന്ന യുവതികള്‍ ഇടതുവശത്തു കൂടിയെത്തി കാര്‍ തടഞ്ഞുനിര്‍ത്തി പ്രജിത്തിനെ അസഭ്യം പറയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പ്രജിത് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ശ്രീജ തടഞ്ഞു. തുടര്‍ന്ന്, ശ്രീജയെ മൂവര്‍ സംഘം ചീത്ത വിളിക്കുകയും കൈവീശി അടിക്കുകയുമായിരുന്നു.
പതിനെട്ടു ദിവസം മാത്രം പ്രായമായ കുഞ്ഞ് ശ്രീജയുടെ മടിയിലുണ്ടായിരുന്നു. അടി തടഞ്ഞതിനാല്‍ കുഞ്ഞിന്റെ ദേഹത്തുകൊണ്ടില്ല. യുവതികളുടെ പരാക്രമം കണ്ടു മറ്റു വാഹനങ്ങളിലുള്ളവര്‍ പുറത്തിറങ്ങി. ഇവരോടും യുവതികള്‍ കയര്‍ത്തു.
കടവന്ത്ര എസ്‌ഐ ടി.ഷാജിയുടെ നേതൃത്വത്തില്‍ പൊലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. യുവതികള്‍ മദ്യപിച്ചിട്ടില്ലെന്നു പരിശോധനയില്‍ തെളിഞ്ഞെങ്കിലും ജനറല്‍ ആശുപത്രിയിലെത്തിച്ചു വിശദ പരിശോധന നടത്തി. സെന്‍ട്രല്‍ എസി കെ.വി.വിജയന്‍, സിഐ വിജയകുമാര്‍ എന്നിവര്‍ സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു.