വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന; ഒരു ലക്ഷം വിലവരുന്ന കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ഹരിപ്പാട്: കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കായംകുളം എക്സൈസ് റേഞ്ച് സംഘവും, ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി പുല്ലുകുളങ്ങരയ്ക്ക് പടിഞ്ഞാറ് ഷാപ്പ് മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1.400 കിലോഗ്രാം കഞ്ചാവുമായി ഇടുക്കി തൊടുപുഴ സ്വദേശികളായ കളപ്പുരക്കൽ വീട്ടിൽ മനു (28), ഒറ്റ പ്ലാക്കിൽ വീട്ടിൽ ആദർശ് (20), തെക്കേ മുരിഞ്ഞുർവീട്ടിൽ ആസാദ് (31) എന്നിവർ പിടിയിലായത്.

പുല്ലുകുളങ്ങര ഷാപ്പുമുക്ക് ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിന് വേണ്ടി സംശയാസ്പദമായി 2 പേർ നിൽക്കുന്നതായി ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ചില്ലറ വിൽപനയിൽ ഒരു ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആറാട്ടുപുഴ ലൈറ്റ് ഹൗസ് ഭാഗത്തും മറ്റുമായി വിൽപ്പന നടത്താൻ ഉദ്ദേശിച്ചായിരുന്നു ഇവർ ഇടുക്കിയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്നത്.

ഇവരുടെ കയ്യിൽ നിന്നും ആദ്യം 200 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കൂടുതൽ ചോദ്യം ചെയ്തതിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന ലൈറ്റ് ഹൗസിന് സമീപത്ത് ഉള്ള വീട്ടിൽ നിന്ന് ബാക്കി 1.200 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഹാർബറിൽ ജോലിക്ക് എന്നു പറഞ്ഞ് വീടെടുത്തായിരുന്നു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. റെയ്ഡിന് കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി ബി വിജയൻ, പ്രിവന്റീവ് ഓഫീസർമാരായ ആന്റണി, രമേശൻ, ഷിഹാബ്, അബ്ദുൽ ഷുക്കൂർ, അൻസു പി ഇബ്രാഹിം, സിവിൽ എക്സൈസ് ഓഫീസർമാരായ അശോകൻ, സിനുലാൽ, അനിൽകുമാർ, സുരേഷ്, അരുൺ അശോക്, രാഹുൽകൃഷ്ണൻ ഡബ്ല്യൂ സി ഇ ഒ സിനു ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തു.

സമാനമായ മറ്റൊരു സംഭവത്തിൽ നിരവധി കഞ്ചാവുക്കടത്തുകേസിൽ പിടിയിലായ മധ്യവയസ്‌കനും സഹായിയും വീണ്ടും പിടിയിലായി. പുൽപ്പള്ളി കേളക്കവല തെക്കേൽ വീട്ടിൽ ജോസഫ് (59), ഇയാളുടെ സഹായി മാനന്തവാടി തലപ്പുഴ സ്വദേശി പാറക്കൽ വീട്ടിൽ മണി (63) എന്നിവരാണ് ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് നടത്തിവരുന്ന പ്രത്യേക പരിശോധനയിൽ പിടിയിലായത്. മുള്ളൻകൊല്ലി ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും വലയിലായത്. ഒന്നര കിലോ കഞ്ചാവും ഇവരുടെ പക്കൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

Top