ഉറവിടം കണ്ടെത്താനാകാത്ത മൂന്ന് കൊവിഡ് മരണം; ആശങ്കയോടെ ആരോഗ്യവകുപ്പ്

തിരുവന്തപുരം: തിരുവനന്തപുരത്തെ മൂന്നാമത്തെ കൊവിഡ് മരണത്തിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആശങ്കയിലാണ് ആകോഗ്യ വിദഗ്ധര്‍.വെള്ളിയാഴ്ച മരിച്ച വഞ്ചിയൂര്‍ സ്വദേശിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ആശ വര്‍ക്കറിന് രോഗം സ്ഥിരീകരിച്ച കട്ടാക്കടയിലും അതീവ ജാഗ്രത തുടരുകയാണ്.

തിരുവനന്തപുരത്ത് മൂന്നാമത്തെ കൊവിഡ് മരണമാണ് ജൂണ്‍ 12 ന് റിപ്പോര്‍ട്ട് ചെയ്തത്. പോത്തകോട് സ്വദേശിയായ അബ്ദുല്‍ അസീസ്, വൈദികന്‍ കെജി വര്‍ഗ്ഗീസ്, വഞ്ചിയൂര്‍ സ്വദേശി രമേശ് എന്നിവരാണ് തലസ്ഥാന ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

കൊവിഡ് ബാധിച്ച് മരിച്ച വഞ്ചിയൂര്‍ സ്വദേശി രമേശിന്റെ കുടുംബാംഗങ്ങളോട് നിരീക്ഷണത്തില്‍ പോകാനാണ് ആരോഗ്യവകുപ്പ് നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഗുരുതര ശ്വാസകോശ രോഗവുമായി ഇദ്ദേഹം 23 മുതല്‍ 28 വരെ ചികിത്സയില്‍ കഴിഞ്ഞ ജനറല്‍ ആശുപത്രിയില്‍, ഈ സമയം എത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

അസുഖം മൂര്‍ച്ഛിച്ച് 10 ആം തീയതി മുതല്‍ 11 വരെ ഇദ്ദേഹം മെഡിക്കല്‍ കോളേജിലെ ക്യാഷ്വാലിറ്റി വാര്‍ഡിലായിരുന്നു. ഇവിടെയുണ്ടായിരുന്നവരെയും കണ്ടെത്തണം. കട്ടാക്കട പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ച ആശ വര്‍ക്കര്‍ക്ക് വൈറസ് പിടിപ്പെട്ടത് എവിടെ നിന്നാണെന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവരുടെ റൂട്ട് മാപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. ആശവര്‍ക്കറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 500 പേരുടെ പ്രാഥമിക പട്ടികയും തയ്യാറായിട്ടുണ്ട്.

Top