ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നരലക്ഷം കടക്കുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷം കടക്കുമ്പോള്‍ യുഎസില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ കോവിഡിനിരയായതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3,57,400 പേരാണ് ഇതുവരെ ലോകത്ത് കൊറോണവൈറസ് മഹമാരി ബാധിച്ച് മരിച്ചത്. 57,88,073 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതില്‍ 24,97,140 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1535 പേര്‍ മരിച്ചതടക്കം 1,02,107 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

17 ലക്ഷത്തിലധികം പേര്‍ക്ക് യുഎസില്‍ മാത്രം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസിനെ കൂടാതെ ബ്രസീലില്‍ മാത്രമാണ് ബുധനാഴ്ച ആയിരത്തിലേറെ പേര്‍ മരിച്ചിട്ടുള്ളത്. 1148 പേരാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 25,697 ആയി. കോവിഡ്-19 മഹാമാരിയുടെ പുതിയ വ്യാപനകേന്ദ്രമായി ലാറ്റിനമേരിക്ക മാറിയെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ബ്രസീലുള്‍പ്പെടെയുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഓഗസ്റ്റോടെ രോഗവ്യാപനവും മരണവും വര്‍ധിക്കുമെന്നും യു.എസില്‍ നടത്തിയ പഠനത്തെ ചൂണ്ടിക്കാട്ടി ഡബ്ല്യു.എച്ച്.ഒ. പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 25 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.1.43 ലക്ഷം പേര്‍ മരിച്ചു.

Top