തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയ സാഹചര്യത്തിലെ സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നെങ്കിലും ഇന്ന് പൂര്‍ണ്ണ തോതില്‍ നിയന്ത്രണം നടപ്പാക്കില്ല. ഞാറാഴ്ചകള്‍ പൂര്‍ണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള കടകള്‍ക്ക് ഇന്ന് തുറക്കാമെന്നും നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്നുമാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയത്.
എന്നാല്‍ തിരക്ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക് കട അടച്ചിടാം. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടുവരാനാണ് തീരുമാനമെന്നും ഇക്കാര്യങ്ങളുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, മറ്റ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ബാധകമായിരിക്കും.
നിലവില്‍ വിവിധ ജില്ലകളിലെ ആശുപത്രികളിലായി 96 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി. എട്ട് പേര്‍ക്കാണ് ഇന്നലെ രോഗം ഭേദമായത്. 21894 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്.