ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും നാടിന് ആപത്ത്: റിയാസ്

കേരളം… കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന മതനിരപേക്ഷതയുടെ സംസ്കാരം നിലനിർത്തണമെങ്കിൽ, ഇടതുപക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവർ… മത
രഹിതർ… മതനിരപേക്ഷ മനസ്സുകൾ എന്നിവർ, അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണം ചുവടെ:-

പി.സി ജോർജിന്റെ അറസ്റ്റും പോപ്പുലർ ഫ്രണ്ട് പ്രകടനത്തിലെ വിവാദ മുദ്രാവാക്യവും തൃക്കാക്കര തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ ?

തൃക്കാക്കര തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ പ്രധാനമായും മനസ്സിൽ ഉയരുന്ന ചോദ്യം വികസനവുമായി ബന്ധപ്പെട്ടതാണ്. ഈ മണ്ഡലം വികസന മുരടിപ്പിന്റെ പര്യായമാണെന്ന് ലോകത്തുള്ള മലയാളികൾ മുഴുവൻ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി കണ്ടു കഴിഞ്ഞു. മണ്ഡലം രൂപം കൊണ്ടതിനു ശേഷം ഇതുവരെ എൽഡിഎഫിന് ഒരു എംഎൽഎയെ ജയിപ്പിക്കാൻ ആയിട്ടില്ല. തുടർച്ചയായി വിജയിച്ച വന്ന യുഡിഎഫ് ആകട്ടെ മണ്ഡലത്തിലെ വികസന കാര്യത്തിൽ ശ്രദ്ധ ചെലുത്തിയതുമില്ല. കേരളത്തിലാണെങ്കിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടത്തി കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് എൽഡിഎഫിന്റെ തുടർഭരണം ചരിത്രത്തിലാദ്യമായി കേരളത്തിൽ വരുന്നത്. അപ്പോൾ, കേരളമാകെ വികസനം നടക്കുമ്പോൾ തൃക്കാക്കരയിലെ യുഡിഫ് വികസനത്തോട് മുഖം തിരിഞ്ഞു നിൽക്കുന്നത് ജനങ്ങൾ തിരിച്ചറിയും. കേരളത്തിലെ സർക്കാറിന്റെ വികസന കുതിപ്പിനോടൊപ്പം കുതിക്കാൻ എൽഡിഎഫ് എംഎൽഎ വരണമെന്ന് ജനം തിരിച്ചറിയും. അതായിരിക്കും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ സംഭവിക്കുക.

ആർ.എസ്.എസിനു കഴിയാത്ത മത ധ്രുവീകരണം പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കും സാധ്യമാവും എന്നു കരുതുന്നുണ്ടോ ?

ഇവരെല്ലാവരും ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ശ്രമം നടത്തി കൊണ്ടിരിക്കുന്നത്. മത വർഗീയ ധ്രുവീകരണം സൃഷ്ടിക്കുക, യഥാർത്ഥ അജണ്ടകൾ തിരഞ്ഞെടുപ്പുകളിൽ ഒന്നും ചർച്ച ചെയ്യാതിരിക്കുക …. യുഡിഎഫിന് ഇവരോടെല്ലാം മൃദുസമീപനം ആണ് ഉള്ളത്. ഇത്തരം നീക്കങ്ങൾ നടത്തുന്ന പ്രസ്ഥാനങ്ങൾക്കെതിരെ ശക്തമായി ഒന്ന് ശബ്ദിക്കാൻ പോലും യുഡിഎഫ് നേതാക്കന്മാർ തയ്യാറാകുന്നില്ല. അവർ ഇവരോടൊക്കെ ഒരു സോഫ്റ്റ് കോർണർ സമീപനമാണ് എടുക്കുന്നത്. എന്നാൽ എൽഡിഎഫ് ജനങ്ങളെ ഒന്നിച്ചു നിർത്താൻ മതനിരപേക്ഷത മുറുകെ പിടിക്കാൻ വേണ്ടിയുള്ള നിലപാടാണ് കൈക്കൊള്ളുന്നത്.കേരളത്തിൽ എൽ ഡി എഫ് ഭരിക്കുന്നതുകൊണ്ടുതന്നെ, ഈ ധ്രുവീകരണ ശ്രമങ്ങളുടെ ഭാഗമായി ഉണ്ടാകാൻ സാധ്യതയുള്ള കലാപങ്ങൾ ഇല്ലാതെ പോകുന്നുണ്ട്. മുഖംനോക്കാതെ പോലീസ് നിഷ്പക്ഷമായി നിലപാട് കൈകൊണ്ട് ചടുലമായി ഇടപെടുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന മതനിരപേക്ഷതയുടെ സംസ്കാരം നിലനിർത്തണമെങ്കിൽ, എൽഡിഎഫ് ശക്തിപ്പെടണമെന്ന് കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവരും മത
രഹിതർ ഉൾപ്പെടെ മതനിരപേക്ഷ മനസ്സുകൾ നിലവിൽ ആഗ്രഹിക്കുകയാണ്. അതാകട്ടെ എൽഡിഎഫിനു അനുകൂലവുമാണ്.

ഭൂരിപക്ഷ വർഗ്ഗീയതയെ ചെറുത്തു തോൽപ്പിച്ച കേരളത്തിന്റെ പൊതു മനസ്സ്, ന്യൂനപക്ഷ വർഗ്ഗീയതയുടെ താണ്ഡവത്തിനു മുന്നിൽ പകച്ചു നിൽക്കുന്നുണ്ടോ ?

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും നാടിന് ആപത്താണ്. ന്യൂനപക്ഷങ്ങൾക്കിടയിൽ രാജ്യത്ത് ഒരു അരക്ഷിതാവസ്ഥ രൂപപ്പെട്ടു എന്നത് വസ്തുതയാണ്. അത് മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ ഉണ്ട് ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കിടയിലും ഉണ്ട്. ഇപ്പോൾ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ പാതിരിമാരെ ഉൾപ്പെടെ ഭീകരമായ ആക്രമിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് സംഘപരിവാർ ശക്തികൾ ആണ്. അന്യമത വിരോധം കുത്തിവച്ച് മുസ്ലിം സമൂഹത്തെ ആകെ ഭയത്തിൽ നിർത്താനും, സർക്കാർ സ്പോൺസേഡ് കലാപങ്ങളും ആഹ്വാനങ്ങളും ഈ രണ്ട് മതവിഭാഗങ്ങൾക്ക് എതിരെയും സംഘപരിവാർ ശക്തികൾ നടത്തിവരികയാണ്. അതേസമയം, ഹൈന്ദവ വിഭാഗത്തിലെ മഹാഭൂരിപക്ഷവും സ്നേഹവും സമാധാനവും മതസൗഹാർദ്ദവും ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെ ആകെയുള്ള സാഹചര്യം നമ്മുടെ രാജ്യത്ത് ഭാവിയിൽ മതനിരപേക്ഷത ശക്തിപ്പെടാൻ കാരണമാകും. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെടുന്ന ഭൂരിപക്ഷ വർഗീയതയുടെ ഭാഗമായുള്ള അരക്ഷിതാവസ്ഥ ഉപയോഗപ്പെടുത്തിക്കൊണ്ട് തീവ്രവാദ സംഘടനകളിലേക്ക് തള്ളി വിടാനുള്ള ശ്രമങ്ങൾ നടത്തുന്ന സംഘടനകൾ പൂർണ്ണമായും ഒറ്റപ്പെടും. അതാണ് സ്ഥിതി.

തൃക്കാക്കരയിൽ എന്തു കൊണ്ട് ജോ ജോസഫ് ജയിക്കണം ?

തൃക്കാക്കരയിൽ എന്തുകൊണ്ട് ജോ ജോസഫ് ജയിക്കാതെ ഇരിക്കണം എന്നതാണ് മറുചോദ്യം. വികസന മുരടിപ്പിന് ഒരു ബദൽ എൽഡിഎഫ് ആണ്. ചടുലമായ രീതിയിൽ ഇടപെട്ട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന ഒരു lഇടതു എംഎൽഎ ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഭരണമികവ് എൽഡിഎഫിന് അനുകൂലമാണ്. യുഡിഎഫിന് അകത്തുള്ള ആശയ പാപ്പരത്തം, ഇരട്ടത്താപ്പ് നിലപാടുകൾ, ഇതെല്ലാം എൽഡിഎഫിന് അനുകൂലമാണ്. പൊതുവേ വികസനം കേരളത്തിൽ നല്ല നിലയിൽ ഉണ്ടാകുന്നതുപോലെ തൃക്കാക്കരയിലും കുതിക്കണമെങ്കിൽ വികസനതോട് മുഖം തിരിഞ്ഞു നിൽക്കുന്ന യുഡിഎഫ് ജയിക്കരുത്. വികസനത്തെ അനുകൂലിക്കുന്ന വികസനത്തോടൊപ്പം നിൽക്കുന്ന, എൽഡിഎഫ് ജയിക്കണം. എൽഡിഎഫ് ആണ് ഭരിക്കുന്നത് അതുകൊണ്ട് ഈ വികസനത്തിന് സഹകരിക്കണ്ട എന്ന യുഡിഎഫിന്റെ തെറ്റായ സമീപനം തന്നെ എൽഡിഎഫിന് ജയിക്കാനുള്ള അനുകൂലമായ കാരണമായി മാറിയിട്ടുണ്ട്.

അതിജീവിത തൃക്കാക്കര തിരഞ്ഞെടുപ്പിന് ഇടയിൽ ഹർജിയുമായി വന്നത് പിടി തോമസിന്റെ കുടുംബത്തെ സഹായിക്കുന്നതിനു കൂടി വേണ്ടിയാണെന്ന് ആരോപണമുണ്ട്, ഇക്കാര്യത്തെ കുറിച്ച് എന്താണ് അഭിപ്രായം ?

ഇല്ല. ഇന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ നിലപാട് വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയും കാര്യങ്ങൾ പറഞ്ഞതാണ്. സർക്കാർ എടുക്കുന്ന ശരിയായ നിലപാട് എല്ലാവരും സമൂഹത്തിൽ അംഗീകരിക്കുന്നുണ്ട്

ഈ ഉപതിരഞ്ഞെടുപ്പ് പ്രധാനമായും എന്തിന്റെ വിലയിരുത്തലായി മാറുമെന്നാണ് കരുതുന്നത് ?

ഈ ഉപതെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുക വികസനമാണ്. യുഡിഎഫ് തുടക്കം മുതലേ വികസന അജണ്ട വഴി മാറ്റാൻ ശ്രമിക്കുകയാണ്. സ്ഥാനാർഥിക്കെതിരെ വ്യക്തിഹത്യ നടത്താൻ ഉള്ള ശ്രമങ്ങൾ നടത്തി. ധ്രുവീകരണം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടത്തി. തെറ്റായ അസംബന്ധ പ്രചരണങ്ങൾ നടത്താനുള്ള ശ്രമവും നടത്തി. ബോധപൂർവ്വം സ്പർദ്ദകൾ വളർത്താനുള്ള ശ്രമവും അവർ തുടരുകയാണ്. യുഡിഎഫ് അജണ്ടയെ വഴി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്, എന്നാൽ, ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യുന്നത് വികസനമാണ്. ഈ മണ്ഡലത്തിലെ വെള്ളക്കെട്ട് പ്രധാന പ്രശ്നമാണ്. മുഖ്യമന്ത്രി ഇത് ഒരു വർഷത്തിനുളളിൽ പരിഹരിക്കും എന്ന് ഉറപ്പു നൽകി കഴിഞ്ഞു. എൽഡിഎഫ് ജയിച്ചാൽ തീർച്ചയായും സർക്കാറിന്റെ വികസന കുതിപ്പിന് ഒപ്പം ഇവിടുത്തെ എംഎൽഎയും ഉണ്ടാവും, ആ നിലയിൽ വികസനമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച വിഷയം. മാറ്റത്തിന് വേണ്ടി ഒരു വോട്ട് ‘വോട്ട് ഫോർ എ ചേഞ്ച്’. വട്ടിയൂർക്കാവിൽ ജനങ്ങൾ തെരഞ്ഞെടുത്ത അതേ പാറ്റേണിൽ വട്ടിയൂർക്കാവിന്റെ വേർഷൻ ടു ആയി തൃക്കാക്കരയും മാറും.

തിരുവനന്തപുരം മെഡിക്കൽ കോളജ് ഫ്‌ളൈഓവർ, ഉദ്‌ഘാടനത്തിന് മുൻപ് തന്നെ തകർന്ന സംഭവത്തിൽ, കെ.സുധാകരൻ അങ്ങയുടെ രാജി ആവശ്യപ്പെട്ടത് തൃക്കാക്കരയിൽ പുകമറ സൃഷ്ടിക്കാനാണോ ?

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫ്ളൈഓവറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ അതും പൊതുമരാമത്ത് വകുപ്പും ആയി യാതൊരു ബന്ധവും ഇല്ല. പൊതുമരാമത്ത് വകുപ്പ് നിയന്ത്രിക്കുന്നതോ, പൊതുമരാമത്ത് വകുപ്പിന് കീഴിലോ ഉള്ള പ്രവർത്തി അല്ല അത്. കെപിസിസി പ്രസിഡണ്ട് പദവിയിൽ ഇരിക്കുന്ന ആൾ എന്ന നിലയിൽ അദ്ദേഹം കുറച്ചുകൂടി കാര്യങ്ങൾ അന്വേഷിച്ച് പ്രതികരിക്കാൻ ശ്രമിക്കേണ്ടത് ആയിരുന്നു. അദ്ദേഹത്തിന് തീർച്ചയായും ഏതു വകുപ്പിനെ കുറിച്ചും വിമർശനം ഉന്നയിക്കാം. പൊതുമരാമത്ത് വകുപ്പിനെ കുറിച്ച് എന്ത് വിമർശനവും അദ്ദേഹത്തിന് ഉന്നയിക്കാനുള്ള ജനാധിപത്യപരമായ അവകാശവുമുണ്ട്. നിർദേശങ്ങൾ അദ്ദേഹത്തിനു മുന്നോട്ടുവെയ്ക്കാം. പല മുൻ കെപിസിസി പ്രസിഡണ്ട്മാരും കോൺഗ്രസ് നേതാക്കന്മാരും യുഡിഎഫ് നേതാക്കന്മാരും ഒക്കെ തന്നെ വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങൾ ചൂണ്ടിക്കാട്ടാറുണ്ട്. വിമർശിക്കാറുണ്ട്.പല നിർദ്ദേശങ്ങളും വ്യക്തിപരമായും മറ്റുമൊക്കെ മുന്നോട്ടു വെക്കാറുമുണ്ട്. അതുപോലെ മുന്നോട്ടു വയ്ക്കാൻ ഉള്ള അവകാശം തീർച്ചയായും കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമുണ്ട്. പക്ഷേ വിമർശിക്കുന്ന ഘട്ടത്തിൽ അത് പിഡബ്ല്യുഡി യുമായി ബന്ധപ്പെട്ടതാണോ, അല്ലേ, എന്ന പരിശോധന ആയിരുന്നു അദ്ദേഹം ആദ്യം നടത്തേണ്ടിയിരുന്നത്. ദൗർഭാഗ്യവശാൽ അതുണ്ടായില്ല. അദ്ദേഹത്തെ ആരോപണത്തിലേക്ക് നയിച്ചത് പിഡബ്ല്യുഡി വകുപ്പ് മന്ത്രിയെ ഒന്ന് അറ്റാക്ക് ചെയ്യണം എന്ന മുൻവിധിയുടെ ഭാഗമായിട്ടാണ്. അതിൽ തെറ്റില്ല,അറ്റാക്ക് ചെയ്യാവുന്നതാണ്, പക്ഷേ, ചെയ്യുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കി അത് പിഡബ്ല്യുഡി വകുപ്പുമായി ബന്ധപ്പെട്ടതാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കണം അദ്ദേഹം അറ്റാക്ക് ചെയ്യേണ്ടിയിരുന്നത്. അതാണ് ഇക്കാര്യത്തിലെ അഭിപ്രായം.

പ്രതികരണം തയ്യാറാക്കിയത് ശിഹാബ് മൂസ

 

Top