തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം, കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന ചലനം വളരെ വലുതായിരിക്കും. തോറ്റാലും ജയിച്ചാലും, ഇടതുപക്ഷ ഭരണത്തെ സംബന്ധിച്ച്, അത് ബാധിക്കുകയില്ല.എന്നാൽ, ‘രണ്ടിൽ’ ഏത് സംഭവിച്ചാലും, പ്രതിപക്ഷ ചേരിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുക.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് തൃക്കാക്കര ഏറെ നിര്‍ണ്ണായകമാകുക. സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന വഴിതിരിവായും, ഈ തിരഞ്ഞെടുപ്പ് ഫലം മാറും. ഉമ തോമസ് വിജയിച്ചാല്‍, അതിന്റെ പൂര്‍ണ്ണമായ ക്രഡിറ്റ് സതീശനു തന്നെ അവകാശപ്പെട്ടതായിരിക്കും. സകല കോണ്‍ഗ്രസ്സ് നേതാക്കളും മണ്ഡലത്തില്‍ തമ്പടിച്ചിരുന്നെങ്കിലും, പ്രചരണം നയിച്ചത് സതീശന്‍ തന്നെയാണ്. അവസാന ഘട്ടത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ മാറി നിന്നപ്പോഴും, ആ കുറവ് പരിഹരിച്ച് ഓടി നടന്നിരുന്നതും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. വൈകിയാണെങ്കിലും, പാളയത്തിലെ ‘പാരവെയ്പ്പുകളെ’ അതിജീവിച്ചു വന്ന ചരിത്രമാണ് വി.ഡി സതീശനുള്ളത്.
1986-87 കാലഘട്ടത്തിൽ, മഹാത്മാഗാന്ധി സർവകലാശാലയൂണിയൻ ചെയർമാനായിരുന്ന സതീശൻ, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായും, മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തിയാണ്. ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴാണ്, 2001-ൽ, കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. തുടർന്ന് നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പിലും, സാമുദായിക ശക്തികളുടെ ‘അജണ്ട’കളെ തകർത്താണ്, വൻ ഭൂരിപക്ഷം നേടി അദ്ദേഹം വിജയക്കൊടി പാറിച്ചിരുന്നത്. ഒടുവിൽ, പ്രതിപക്ഷ നേതാവ് എന്ന പദവിയും സതീശനെ തേടിയെത്തുകയുണ്ടായി.മുതിർന്ന നേതാക്കളെ മറികടന്ന് ഹൈക്കമാന്റ് സതീശനിൽ അർപ്പിച്ച വിശ്വാസം, തെറ്റിയോ ഇല്ലയോ എന്നതു കൂടിയാണ്, തൃക്കാക്കരയിലൂടെ ഇനി വ്യക്തമാകാൻ പോകുന്നത്.
കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ, ഏറ്റവും ശക്തമായ പ്രവർത്തനം കാഴ്ചവച്ചതും, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തന്നെയാണ്. ട്വൻ്റി ട്വൻ്റി… സ്ഥാനാർത്ഥിയെ നിർത്താതിരുന്നത്, യു.ഡി.എഫിന് നേട്ടമാകുമെന്നാണ് പ്രതിപക്ഷ നേതാവ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ്സ് നേതാക്കളുടെ ഏക ആശങ്ക, ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യമാണ്. ബി.ജെ.പി വോട്ട് കൂടുതൽ പിടിച്ചാൽ, അതാകും വലിയ വെല്ലുവിളി എന്നാണ്, നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പ്രചരണ രംഗത്ത് മൂന്നു മുന്നണികളും ശക്തമായ പ്രവർത്തനം കാഴ്ചവച്ചെങ്കിലും, അവസാന ഘട്ടത്തിലെ അടിഒഴുക്കുകൾ, ആശങ്കപ്പെടുത്തുന്നതു തന്നെയാണ്. ഇടതു സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ അപവാദ പ്രചരണവും, പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗവും, അറസ്റ്റും എല്ലാമാണ് എങ്ങും ഉയർന്നു കേട്ടിരുന്നത്. കെ റെയിൽ ഉൾപ്പെടെ, ഈ വിവാദത്തിൽ മുങ്ങിപ്പോവുകയാണ് ഉണ്ടായത്.
വോട്ടെടുപ്പിൽ ഒരു ട്രന്റ് തന്നെ രൂപപ്പെട്ടിട്ടുണ്ട്, അതാകട്ടെ, വ്യക്തവുമാണ്. അതാർക്ക് അനുകൂലമാകും എന്നതാണ്, രാഷ്ട്രീയ കേരളമിപ്പോൾ ഉറ്റുനോക്കുന്നത്. കേരളത്തിലെ സിറ്റിംഗ് സീറ്റ് നഷ്ടമായാൽ, ദേശീയ തലത്തിൽ തകർന്നടിഞ്ഞ കോൺഗ്രസ്സിന്, അതും വലിയ പ്രഹരമായാണ് മാറുക. വി.ഡി സതീശന് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ട സാഹചര്യത്തിലേക്ക് വരെ, കാര്യങ്ങൾ എത്താനും സാധ്യത ഉണ്ട്. ഉമ തോമസ് പരാജയപ്പെട്ടാൽ, ഈ ആവശ്യം എ – ഐ ഗ്രൂപ്പുകൾ തന്നെ ഉയർത്തിയേക്കും. കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനും, ഉപതിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാണ്. തിരിച്ചടി നേരിട്ടാൽ, അദ്ദേഹത്തിന്റെ കസേരയും ഇളകും.
അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട തിരഞ്ഞെടുപ്പിൽ, സിറ്റിംഗ് സീറ്റ് നിലനിർത്താനായാൽ, അത്… കോൺഗ്രസ്സിൽ, വി.ഡി സതീശൻ യുഗത്തിനാണ് തുടക്കം കുറിക്കുക. സംസ്ഥാന കോൺഗ്രസ്സിലെ ഏറ്റവും ശക്തനായ നേതാവായി മാറാൻ , ഇത്തരമൊരു വിജയം, തീർച്ചയായും സതീശന് ഏറെ സഹായകരമാകും. ലോകസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും, യു.ഡി.എഫിനെ സംബന്ധിച്ച് തൃക്കാക്കര വിജയം അനിവാര്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, 20 ലോകസഭ സീറ്റുകളിൽ 19ലും യു.ഡി.എഫാണ് വിജയിച്ചിരിക്കുന്നത്.
തൃക്കാക്കര പിടിച്ചാല്‍, ഈ കണക്കുകള്‍ തന്നെ ‘തിരിച്ചാവാനുള്ള’ സാധ്യതയാണ് തെളിയുക. ഇതു മനസ്സിലാക്കി തന്നെയാണ്, യു.ഡി.എഫിന്റെ എല്ലാ സിറ്റിംഗ് എം.പിമാരും തൃക്കാക്കരയില്‍ കേന്ദ്രീകരിച്ചിരുന്നത്.തൃക്കാക്കര യു.ഡി.എഫ് നിലനിര്‍ത്തിയാല്‍, എം.പിമാരില്‍ നല്ലൊരു വിഭാഗവും, വി.ഡി സതീശനു പിന്നില്‍ അണിനിരക്കാനാണ് സാധ്യത. മുഖ്യമന്ത്രിയും സകല മന്ത്രിമാരും തമ്പടിച്ച് പ്രചരണം നടത്തിയിട്ടും, യു.ഡി.എഫിന് സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍, അത് മുന്നണിയില്‍ ഉണ്ടാക്കുന്ന ‘എഫക്ടും’ വളരെ വലുതായിരിക്കും. സതീശനു ഉറച്ച പിന്തുണ നല്‍കാന്‍, മുസ്ലീം ലീഗുള്‍പ്പെടെ അതോടെ തയ്യാറാകും. മണ്ഡലം കൈവിട്ട് പോകുകയാണെങ്കില്‍, സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു മാറണമെന്ന് ലീഗ് ആവശ്യപ്പെട്ടാലും, അത്ഭുതപ്പെടേണ്ടതില്ല. ഉറച്ച കോട്ടയായ തൃക്കാക്കര കൈവിട്ടാല്‍, ഘടക കക്ഷികളെ മാത്രമല്ല, സ്വന്തം അനുനായികളെ പിടിച്ചു നിര്‍ത്താന്‍ പോലും കോണ്‍ഗ്രസ്സിനു കഴിയുകയില്ല. രാഷ്ട്രീയ കേരളത്തിന്റെ മുന്നണി സമവാക്യം തന്നെയാണ്, അതോടെ മാറി മറയുക.
EXPRESS KERALA VIEW