തൃക്കാക്കരയിൽ ‘അട്ടിമറി’ നടക്കുമോ ? സാധ്യത തള്ളാതെ രാഷ്ട്രീയ നിരീക്ഷകർ

തൃക്കാക്കരയിൽ ആര് ജയിക്കും ? പരസ്യപ്രചരണം അവസാനിച്ചതു മുതൽ, രാഷ്ട്രീയ കേരളത്തിൽ നടക്കുന്ന ചർച്ചയാണത്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ, ഒരു കാര്യം വ്യക്തമാവുകയാണ്. അതായത് അടി ഒഴുക്കുകൾ ശക്തമാണ് എന്നു വ്യക്തം. മൂന്നു മുന്നണികളും സർവ്വ ശക്തിയുമെടുത്ത് പോരാടുന്ന ഉപതിരഞ്ഞെടുപ്പിൽ, മത്സരിച്ചാൽ, കഴിഞ്ഞ തവണ നേടിയ വോട്ടുകളുടെ പകുതി പോലും നേടാൻ കഴിയില്ലന്ന തിരിച്ചറിവാണ്, ട്വന്റി ട്വന്റിയുടെ പിന്മാറ്റത്തിനു കാരണമെന്നതും, ഇതോടെ വ്യക്തമായിരിക്കുകയാണ്. ട്വന്റി ട്വന്റി കഴിഞ്ഞ തവണ പിടിച്ച വോട്ടുകൾ ഇത്തവണ, മൂന്നു മുന്നണികളിലേക്കുമായി ഭിന്നിച്ചു പോകാനാണ് സാധ്യത. പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും, ഒരു പ്രവചനം അസാധ്യം തന്നെയാണ്. 1,96,805 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ, 95,274 പുരുഷ വോട്ടർമാരും, 1,01,530 വനിതാ വോട്ടർമാരുമാണുള്ളത്. ഒരു ട്രാൻസ്‌ജെൻഡർ വോട്ടറും മണ്ഡലത്തിലുണ്ട്. 222 പ്രവാസി വോട്ടർമാരിൽ 167 പുരുഷൻമാരും, 55 സ്ത്രീകളുമാണുള്ളത്. മണ്ഡലത്തിലുള്ള സർവീസ് വോട്ടുകളുടെ എണ്ണം 83 ആണ്, ഇതിൽ 69 പുരുഷന്മാരും 14 സ്ത്രീകളുമാണുള്ളത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 1,94,031 വോട്ടർമാരിൽ 1,34,422 പേരാണ് തൃക്കാക്കരയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 94,025 പുരുഷ വോട്ടർമാരിൽ 67,965 പേരും, 1,00,005 സ്ത്രീ വോട്ടർമാരിൽ, 66,457 പേരുമാണ് അന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നത്. ആകെ പോളിംഗ് 69.28 ശതമാനമായിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 74.47 ശതമാനമായിരുന്നു പോളിംഗ്. 1,34,814 വോട്ടാണ് രേഖപ്പെടുത്തിയത്. 67,406 പുരുഷൻമാരും 67,408 സ്ത്രീകളും വോട്ട് ചെയ്തു.
2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ, മണ്ഡലത്തിൽ 68,475 പുരുഷന്മാരും 68,937 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ, 1,37,413 പേരാണ് വോട്ട് ചെയ്തിരുന്നത്. 76.06 ശതമാനമായിരുന്നു പോളിംഗ്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, 61,058 പുരുഷന്മാരും 59,344 സ്ത്രീകളും ഉൾപ്പെടെയുള്ള 1,20,402 പേരും വോട്ട് ചെയ്തു. പോളിംഗ് 72.3 ശതമാനം. ആകെ വോട്ടർമാർ 1,66,530 പേരാണ് ഉണ്ടായിരുന്നത്.

തൃക്കാക്കരയുടെ ചരിത്രമെടുത്താൽ, അത് യു.ഡി.എഫിന് അനുകൂലമാണ്. എന്നാൽ, ഉപതിരഞ്ഞെടുപ്പുകൾ, എക്കാലത്തും സ്വന്തം കോട്ടകൾ നഷ്ടപ്പെടുത്തിയ ചരിത്രവും ആ മുന്നണിക്കുണ്ട്. പി.ടി ജനകീയനായ നേതാവായിരുന്നു. അതു കൊണ്ടാണ്, അദ്ദേഹത്തെ പരാജയപ്പെടുത്താൻ മാത്രം ലക്ഷ്യമിട്ട് ട്വന്റി ട്വന്റിസ്ഥാനാർത്ഥിയെ നിർത്തിയപ്പോഴും, അദ്ദേഹം ജയിച്ചു കയറിയിരുന്നത്. 13, 897 വോട്ടുകളാണ് ആ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി പിടിച്ചിരുന്നത്. ഈ വോട്ടുകളിൽ ഭൂരിപക്ഷവും, കോൺഗ്രസ്സിനു ലഭിക്കേണ്ട വോട്ടുകൾ തന്നെ ആയിരുന്നു. ഈ കണക്കുകൾ മുൻനിർത്തി കൂടിയാണ്, ഇത്തവണ തങ്ങൾ വിജയിക്കുമെന്ന് യു.ഡി.എഫ് ഉറച്ചു വിശ്വസിക്കുന്നത്. പി.ടിയുടെ ഭാര്യ എന്നത് ഉമയ്ക്ക് നേട്ടമാകുമെന്ന് തന്നെയാണ് അവരുടെ കണക്കു കൂട്ടൽ.

ഇതു പോലെ തന്നെ, കഴിഞ്ഞ തവണ, തങ്ങൾക്കു കിട്ടേണ്ട മുഴുവൻ വോട്ടുകളും പോൾ ചെയ്തിട്ടില്ലന്ന അഭിപ്രായം, ഇടതുപക്ഷത്തിനും ബി.ജെ.പിക്കുമുണ്ട്. ഇത്തവണ ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതിനാൽ, വോട്ടുകൾ വർദ്ധിക്കുമെന്നതാണ് ഈ പാർട്ടികളുടെയും പ്രതീക്ഷ.

ഇടതുപക്ഷം വികസനവും, യു.ഡി.എഫ് സഹതാപ തരംഗവും ലക്ഷ്യമിട്ട് നടത്തിയ പ്രചരണം, അവസാന ഘട്ടത്തിൽ എത്തിയപ്പോൾ വഴിമാറി, മറ്റൊരു ഘട്ടത്തിലേക്കാണ് എത്തിചേർന്നിരിക്കുന്നത്. ഇതിൽ പ്രധാനം, പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗവും, തുടർന്നു നടന്ന അറസ്റ്റുമാണ്. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ, ഒരു കുട്ടി വിളിച്ച പ്രകോപന മുദ്രാവാക്യം പ്രകംബനം കൊള്ളിച്ചതും, തൃക്കാക്കരെയെ ആണ്. ഇതെല്ലാം മുതലാക്കാനാണ് ബി.ജെ.പി രംഗത്തിറങ്ങിയിരിക്കുന്നത്. സമാപന ദിവസത്തെ, പി.സി ജോർജിന്റെ സാന്നിധ്യം, ബി.ജെ.പിക്ക് ഗുണം ചെയ്താൽ, അത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് യു.ഡി.എഫ് വോട്ട് ബാങ്കിനെ ആയിരിക്കും. ഒരു കേഡർ പാർട്ടി എന്ന നിലയിൽ, സി.പി.എമ്മിനും സി.പി.ഐക്കും തങ്ങളുടെ വോട്ട് ബാങ്കിന്റെ കരുത്തിൽ ഉറച്ച വിശ്വാസമുണ്ട്. കേരള കോൺഗ്രസ്സ് സാന്നിധ്യവും, ഇടതു പ്രതീക്ഷയ്ക്ക് ആത്മവിശ്വാസം നൽകുന്നതാണ്. സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ, പ്രചരിച്ച വ്യാജ വീഡിയോ വിവാദത്തിലും ഇടതുപക്ഷം നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ , കോൺഗ്രസ്സ് പ്രവർത്തകർ ഉൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്.

തൃക്കാക്കരയിലെ, 21,000-ൽ അധികം വരുന്ന മുസ്ലിം വോട്ടുകൾ, ഇത്തവണ ഏറെ നിർണ്ണായകമാണ്. പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിൽ ശക്തമായ വിയോജിപ്പുള്ള ഈ വിഭാഗം, സംഘടിതമായി വോട്ട് ചെയ്താൽ, അത് വലിയ രാഷ്ട്രീയ അട്ടിമറിക്കാണ് സാധ്യമാവുക. പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തതു തന്നെ, ഈ വോട്ടുകൾ മുന്നിൽ കണ്ടാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എക്സ്പ്രസ്സ് കേരളയ്ക്കു നൽകിയ പ്രതികരണത്തിൽ, ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസും ഇക്കാര്യം തന്നെയാണ് ചൂണ്ടിക്കാണിച്ചിരുന്നത്. യു.ഡി.എഫ് ക്യാംപിനെ ആശങ്കയിലാഴ്ത്തുന്ന പ്രതികരണമാണിത്. യു.ഡി.എഫ് എളുപ്പത്തിൽ വിജയിക്കേണ്ട മണ്ഡലത്തെ, പ്രവചനാതീതമാക്കിയതിൽ, മുഖ്യമന്ത്രി പിണറായി വിജയനും…പി.സി ജോർജിനുമാണ് വലിയ പങ്കുള്ളത്.

മുഖ്യമന്ത്രി നേരിട്ടാണ് മണ്ഡലത്തിൽ തമ്പടിച്ചിരുന്നത്. മന്ത്രിമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ, സജീവമായി രംഗത്തുണ്ടായിരുന്നു. സർവ്വ ശക്തിയുമെടുത്ത് ഇടതുപക്ഷം രംഗത്തിറങ്ങിയപ്പോൾ, പാർട്ടി എം.പിമാരെയും എം.എൽ.എമാരെയും സജീവമാക്കി നിർത്തിയാണ് യു.ഡി.എഫ് പ്രതിരോധിക്കാൻ ശ്രമിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെയാണ് പ്രധാനമായും, യു.ഡി.എഫ് ക്യാംപിനെ നയിച്ചിരുന്നത്. ഉമ തോമസ് ജയിച്ചാലും തോറ്റാലും, അതിന്റെ ഉത്തരവാദിത്വം സതീശനാകുമെന്നതും ഉറപ്പ്. ബി.ജെ.പി പ്രചരണത്തിൽ, പി.സി ജോർജിനു പുറമെ ഏറെ തിളങ്ങി നിന്നത്, നടൻ സുരേഷ് ഗോപിയാണ്. അദേഹത്തിൻ്റെ പ്രചരണത്തിലും വലിയ ആൾക്കൂട്ടമാണ് ഉണ്ടായിരുന്നത്. 22, 000 ത്തോളം വോട്ടുകൾ മണ്ഡലത്തിൽ ബി.ജെ.പിക്കുണ്ട്. കഴിഞ്ഞ തവണ പക്ഷേ, ഇത്രയും വോട്ടുകൾ അവരുടെ പെട്ടിയിൽ വീണിരുന്നില്ല. സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനായതിനാൽ, ഇത്തവണ പാർട്ടി വോട്ടുകൾ മുഴുവൻ പോൾ ചെയ്യപ്പെടുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്.

ക്രൈസ്തവ വോട്ടുകളിലെ ഒരു പങ്കും, അവരിപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, ബി.ജെ.പി കൂടുതല്‍ വോട്ടുകള്‍ നേടുകയും, മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുകയും ചെയ്താല്‍, അത് തൃക്കാക്കരയുടെ രാഷ്ട്രീയ ചിത്രത്തെയാണ് മാറ്റിമറിക്കുക. ഇവിടെയാണ്, ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും വര്‍ദ്ധിക്കുന്നത്. ഹൈന്ദവ , ക്രൈസ്തവ വോട്ടുകള്‍ക്ക് പുറമെ, മുസ്ലീം ജനവിഭാഗത്തി ന്റെ വോട്ടുകളും, വലിയ രൂപത്തില്‍ ശേഖരിക്കാന്‍ കൊല്‍പ്പുള്ള മുന്നണികളാണ്, ഇടതുപക്ഷവും യു.ഡി.എഫും. കഴിഞ്ഞ കാലങ്ങളില്‍ ഈ പിന്തുണ തൃക്കാക്കരയില്‍ കൂടുതലും ലഭിച്ചിരുന്നത് യു.ഡി.എഫിനാണ്. അത് നഷ്ടമാകില്ലന്ന്, അവര്‍ ഉറച്ചു വിശ്വസിക്കുമ്പോള്‍, ഇത്തവണ വലിയ രാഷ്ട്രീയ അട്ടിമറിയാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. അത് സംഭവിച്ചാല്‍, കേരള രാഷ്ട്രീയത്തിന്റെ ഗതി തന്നെയാണ് മാറുക. അക്കാര്യവും, ഉറപ്പാണ് . . .


EXPRESS KERALA VIEW

 

Top