കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയാണ് എറണാകുളത്തെ ലിസി ഹോസ്പിറ്റല്‍.സംസ്ഥാനത്ത് ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയക്ക് തുടക്കമിട്ട ഹോസ്പിറ്റലാണത്. ഈ ആശുപത്രിക്ക് ഏതെങ്കിലും മതത്തിന്റെ അടയാളം ആര് പതിച്ചു നല്‍കാന്‍ ശ്രമിച്ചാലും, അതൊന്നും വിലപ്പോവുകയില്ല. ജാതി – മത – രാഷ്ട്രീയ ഭേദമന്യേ മനുഷ്യരായി പിറന്ന ആര്‍ക്കും സമീപിക്കാവുന്ന ആശുപത്രിയാണിത്. ഇവിടെ ജോലി ചെയ്യുന്ന ഡോക്ടര്‍ ജോ ജോസഫാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എന്നതിനാല്‍ മാത്രം അദ്ദേഹത്തെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം സ്ഥാനാര്‍ത്ഥിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവുകയില്ല. പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നും അത്തരമൊരു നീക്കമുണ്ടായതോടെ ഒടുവില്‍ വെട്ടിലായിരിക്കുന്നതും യു.ഡി.എഫ് തന്നെയാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎമ്മില്‍ ബാഹ്യസമ്മര്‍ദ്ദം ഉണ്ടായി എന്നത് അങ്ങാടിപ്പാട്ടാണെന്നും, ആരുടെ സമ്മര്‍ദ്ദം മൂലമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നുമാണ്, വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ഈ പ്രതികരണത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതോടെ, പ്രതിപക്ഷ നേതാവിനെ പ്രതിരോധത്തിലാക്കി, പരസ്യമായി കോണ്‍ഗ്രസ്സ് നേതാക്കളായ രമേശ് ചെന്നിത്തലയും ഡൊമനിക് പ്രസന്റേഷനും രംഗത്തു വരുന്ന സാഹചര്യവുമുണ്ടായി.തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥിയെ, കത്തോലിക്ക സഭ നിശ്ചയിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചിരിക്കുന്നത്.
കത്തോലിക്ക സഭ എപ്പോഴും, ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിശാലമായ ചിന്താഗതിയുള്ള ഒരു സഭയാണെന്നും, അവര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു എന്നത് നിക്ഷിപ്ത താല്പര്യക്കാര്‍ നടത്തുന്ന വെറും പ്രചരണം മാത്രമാണെന്നുമാണ് ചെന്നിത്തല ആരോപിക്കുന്നത്. വി.ഡി സതീശന്റെ പ്രതികരണം വന്ന ഉടനെ, സഭ സ്ഥാനാര്‍ത്ഥിയെന്ന ആക്ഷേപം ഉന്നയിച്ച്, സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയവര്‍ക്കുള്ള ഒന്നാന്തരം മറുപടിയാണിത്.
”ഇടതുസ്ഥാനാര്‍ത്ഥിയുടെ സഭാബന്ധം ഉയര്‍ത്തിക്കാട്ടേണ്ടതില്ലന്നും, അത്തരം പ്രചാരണങ്ങള്‍ തിരിച്ചടിയാകുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ ഡൊമിനിക് പ്രസന്റേഷനും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതോടെ, കോണ്‍ഗ്രസ്സിനുള്ളിലെ ഭിന്നത കൂടിയാണ് പുറത്തു വരുന്നത്. ഉമ തോമസ് അഥവാ പരാജയപ്പെട്ടാല്‍ അതിനു കാരണം പ്രതിപക്ഷ നേതാവിന്റെ ഈ നിലപാടായിരിക്കുമെന്നതാണ് കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം ചൂണ്ടിക്കാട്ടുന്നത്. രമേശ് ചെന്നിത്തല ഐ വിഭാഗത്തിന്റെ നേതാവാണെങ്കില്‍, ഡൊമിനിക് പ്രസന്റേഷന്‍ എ വിഭാഗത്തിന്റെ എറണാകുളത്തെ പ്രമുഖ നേതാവാണ്. വി.ഡി സതീശന്‍ വിഭാഗത്തിനെതിരെ, രണ്ടു ഗ്രൂപ്പുകളിലും അതൃപ്തിയും ശക്തമാണ്. ഇത്തരം ‘അടി ഒഴുക്കുകളെയും’ ഭയക്കേണ്ട സാഹചര്യമാണിപ്പോള്‍ യു.ഡി.എഫിനുള്ളത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് സഹതാപ തരംഗം ലക്ഷ്യമിടുമ്പോള പി.ടിയുടെ നിലപാടിന് എതിരാണ് ഈ സ്ഥാനാര്‍ത്ഥിത്വമെന്ന വിമര്‍ശനവും ശക്തമാണ്. എക്കാലത്തും കുടുംബ വാഴ്ചക്ക് എതിരായി നിന്ന പി.ടിക്ക് ഒരു ഗോഡ്ഫാദറും ഉണ്ടായിരുന്നില്ലന്ന വാദമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. ഇടതുപക്ഷം ആകട്ടെ, വികസനം പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. അവരെ സംബന്ധിച്ച്, ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെയാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്.
‘രോഗികളുടെ ബുദ്ധിമുട്ടുകളും ദുരിതങ്ങളും ക്ഷമയോടെ കേള്‍ക്കാനും ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാനുമുള്ള ആര്‍ദ്രഹൃദയമാണ് ഒരു നല്ല ഡോക്ടര്‍ക്ക് വേണ്ടത്. അതു തന്നെയാണ്, കേരളത്തില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറവും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിരവധി രോഗികളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന ഡോ. ജോ ജോസഫിന്, ആ മനസ്സലിവ് ജനപ്രതിനിധിയാകുമ്പോഴും ഉണ്ടാവുമെന്ന് തനിക്കുറപ്പുണ്ടെന്നും, ഡോ.ജോസ് ചാക്കോ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
43കാരനായ ജോ ജോസഫ് ഇരുപത്തിയെട്ട് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ഡോ.ജോസ് ചക്കോപെരിയപ്പുറത്തിനെ അസിസ്റ്റ് ചെയ്തയാളാണ്. അറിയപ്പെടുന്ന ഹൃദ്രോഗവിദഗ്ദ്ധന്‍ എന്ന നിലയില്‍, എറണാകുളത്തിനും പുറത്തും പ്രശസ്തനായ ജോ ജോസഫ് കേരളം ഉറ്റുനോക്കിയ ഒട്ടനവധി അവയവമാറ്റ ശസ്ത്രക്രിയകളിലും ഈ യുവ ഡോക്ടര്‍ പങ്കാളിയായിട്ടുണ്ട്. മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി, ആംബുലന്‍സിനും ഹെലികോപ്റ്ററിലുമേറി കുതിക്കുന്ന ജോ ജോസഫിനെ ആ രീതിയില്‍ കേരളത്തിനു മാത്രമല്ല പുറം നാടുകളിലും ഏറെ പരിചിതനാണ്.
കേരളം ആകാംക്ഷയോടെ നോക്കി കണ്ട, ഒരു ശസ്ത്രക്രിയയാണ് 2015-ല്‍ കൊച്ചിയില്‍ നടന്നിരുന്നത്. അന്നു തിരുവനന്തപുരത്തു നിന്നും ഹൃദയം കൊച്ചിയില്‍ എത്തിച്ചതും ഡോ. ജോ ജോസഫിന്റെ നേതൃത്വത്തിലാണ്.ഡോക്ടര്‍മാരെ സംബന്ധിച്ച്, ജോലിസമയമെന്ന ഒന്നില്ല, എന്നാല്‍, ജോ എന്നും അവസാനം പോകുന്ന ഡോക്ടറാണ്. ജോലി സമയം കഴിഞ്ഞും രോഗിയുടെ ക്ഷേമമന്വേഷിച്ച് വൈകുംവരെ ആശുപത്രിയില്‍ അദ്ദേഹം ഉണ്ടാകും. ഔപചാരിക ഡോക്ടര്‍–രോഗി ബന്ധത്തിനുമപ്പുറം മനുഷ്യപ്പറ്റുള്ള ഒരു ഡോക്ടര്‍ തന്നെയാണ് ജോ ജോസഫ്. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം, കഴിഞ്ഞ 10 വര്‍ഷമായി നിര്‍ധനരോഗികളുടെ ഹൃദയചികിത്സയില്‍ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ ഈ സ്വീകാര്യത തന്നെയാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍, ഇടതുപക്ഷത്തെയും പ്രേരിപ്പിച്ചിരിക്കുന്നത്.
EXPRESS KERALA VIEW