തിരുവനന്തപുരം: ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു തോൽവി നൽകുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാർട്ടികൾ വെവ്വേറെയും വിശകലനം ചെയ്യും. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാനെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
തൃക്കാക്കരയിലെ ജനവിധി കെ റെയിലിന് എതിരായ വിധി കൂടിയാണെന്ന് പരക്കെ അഭിപ്രായമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം എന്ന പ്രസ്താവന ബിനോയ് വിശ്വത്തിൻറെ ഭാഗത്തുനിന്നുണ്ടായത് എന്നത് ശ്രദ്ധേയമാണ്. തൃക്കാക്കര തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതി പിൻവലിക്കണം എന്ന് കെ റെയിൽ വിരുദ്ധ സമിതി നിലപാടെടുത്തു. സമരം നടന്ന കോട്ടയം മാടപ്പിള്ളി യിൽ പടക്കം പൊട്ടിച്ചാണ് ഇടതു സ്ഥാനാർഥിയുടെ തോൽവി ആഘോഷിച്ചത്. ഇവിടെ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.