ക്വാറം തികഞ്ഞില്ല; തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയ്‌ക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല

തൃക്കാക്കര: തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പനെതിരെ പ്രതിപക്ഷ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. ക്വാറം തികയാത്തതിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാതിരുന്നത്. നാല് സ്വതന്ത്രന്മാരും യു.ഡി.എഫ് അംഗങ്ങളും അടക്കം 25 കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തെ 18 കൗണ്‍സിലര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്.

രാവിലെ തൃക്കാക്കര നഗരസഭയില്‍ ഭരണപക്ഷത്തിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെ പ്രതിപക്ഷ കൗണ്‍സിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 18-ാം വാര്‍ഡ് കൗണ്‍സിലര്‍ സുമയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് രോഗബാധയുള്ള കൗണ്‍സിലര്‍ പി.പി.ഇ കിറ്റ് ധരിച്ചാണ് മറ്റ് അംഗങ്ങള്‍ക്കൊപ്പം കൗണ്‍സില്‍ യോഗത്തിനെത്തിയത്.

ഓണസമ്മാനത്തിനൊപ്പം പണം നല്‍കിയെന്ന വിവാദത്തിന് പിന്നാലെയാണ് തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം എല്‍ഡിഎഫ് ചര്‍ച്ചയ്‌ക്കെടുത്തത്. യുഡിഎഫിനുള്ളിലെ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചതോടെ 21 കൗണ്‍സിലര്‍മാരും യോഗം ബഹിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിലവില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 17, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് തൃക്കാക്കരയിലെ കക്ഷിനില. ഇതില്‍ ഒരു സ്വതന്ത്രന്‍ എല്‍ഡിഎഫിനെയും നാലുപേര്‍ യുഡിഎഫിനെയുമാണ് പിന്തുണയ്ക്കുന്നത്. തൃക്കാക്കര നഗരസഭയില്‍ കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് യുഡിഎഫ് തര്‍ക്കം പരിഹരിച്ചത്.

Top