തൃക്കാക്കര പണക്കിഴി വിവാദം; വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്ന് റവന്യുമന്ത്രി

കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സംഭവത്തിലെ നിജസ്ഥിതി പുറത്ത് വരാനാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്നും റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തൃക്കാക്കരയില്‍ നടന്നത് അപമാനകരമായ കാര്യമാണ്. ഈ രീതി പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. പണാധിപത്യം ജനാധിപത്യത്തിന് കീഴടങ്ങാന്‍ പാടില്ലെന്നും മന്ത്രി പ്രതികരിച്ചു.

തൃക്കാക്കരയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയ ചെയര്‍പേഴ്‌സന്റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപയാണ് ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ സമ്മാനിച്ചത്. കൗണ്‍സിലര്‍മാരില്‍ ചിലര്‍ കവര്‍ ചെയര്‍പേഴ്‌സന് തന്നെ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തായത്.

 

Top