തൃക്കാക്കര ഫലം കെ. റെയിലിന്റെ ഹിതപരിശോധനയല്ല -കോടിയേരി

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം കെ. റെയിലിന്റെ ഹിതപരിശോധനയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ. റെയില്‍ ആയിരുന്നില്ല ഈ തെരഞ്ഞെടുപ്പിലെ പ്രശ്‍നം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് കെ റെയില്‍ എന്ന നിര്‍ദേശം ഉണ്ടായത്. ആ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 99 സീറ്റ് ലഭിച്ചിട്ടുണ്ട്. കെ. റെയിലിന്റെ ഹിതപരിശോധന ഒരു മണ്ഡലത്തില്‍ മാത്രം നട​ത്തേണ്ട ഒന്നല്ല. അനുമതി ലഭിക്കുന്നതനുസരിച്ച് പദ്ധതിയുമായി മുന്നോട്ടുപോകും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം എന്ന മുന്നറിയിപ്പായാണ് വിലയിരുത്തുന്നത്. അതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍പ്രവര്‍ത്തനങ്ങളാണ് പാർട്ടി ഏറ്റെടുക്കേണ്ടത്. ബൂത്ത് തലം മുതല്‍ പാര്‍ട്ടി പരിശോധന നടത്തും. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതാനാവില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ തോറ്റവരാണ് ഇടതുപക്ഷം. അതില്‍നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റിലേക്ക് എത്താന്‍ സാധിച്ചു. അതുകൊണ്ട് തന്നെ ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍പ്രവര്‍ത്തനം നടത്തുക എന്നതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

ഇടതുപക്ഷ വിരുദ്ധ ശക്തികളെ യോജിപ്പിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനായെങ്കിലും നടത്തിയ പ്രവര്‍ത്തനം കണക്കിലെടുക്കുമ്പോൾ ഈ വര്‍ധനവ് പോര. ബി.ജെ.പി വോട്ടിലുണ്ടായ കുറവും ട്വന്റി ട്വന്റി പോലുള്ള സംഘടനകള്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതും യു.ഡി.എഫിന് ഗുണമായി.

ബി.ജെ.പിയുടെ വോട്ടില്‍ വന്ന ക്രമാനുഗതമായ കുറവ് യു.ഡി.എഫിന് അനുകൂലമായാണ് മാറിയത്. ജനവിധി അംഗീകരിച്ചുകൊണ്ട് തുടര്‍പ്രവര്‍ത്തനം നടത്തുക എന്നതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. പ്രതീക്ഷിച്ച മുന്നറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇത് പരിശോധിച്ച്‌ ആവശ്യമായ തിരുത്തല്‍ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും.

Top