ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുമായി കരാര്‍ പുതുക്കി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബി.ജെ.പിയെ തോല്‍പ്പിച്ച് പശ്ചിമബംഗാളില്‍ വന്‍ വിജയം കൊയ്യാന്‍ മമതാബാനര്‍ജിയെ സഹായിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ കമ്പനിയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുമായി കരാര്‍ പുതുക്കി തൃണമൂല്‍ കോണ്‍ഗ്രസ്. 2026 വരെ കമ്പനി സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ തുടരും. എന്നാല്‍, പ്രശാന്ത് കിഷോര്‍ ആയിരിക്കില്ല സംഘത്തെ നയിക്കുന്നത്. പകരം 9 അംഗ സമിതിയാകും ബംഗാളില്‍ മമതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക.

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് പ്രശാന്തിന്റെ ടീമിനെ വിടാതെ കൂടെ നിറുത്താന്‍ മമത തീരുമാനിച്ചത്. കിഷോര്‍ ഇല്ലാതെ, സംഘം എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുക എന്നാണ് രാഷ്ട്രീയ ലോകം ചിന്തിക്കുന്നത്.

ബംഗാളിന് പുറത്തേക്ക് പാര്‍ട്ടിയെ വളര്‍ത്താന്‍ മമത ശ്രമം ആരംഭിച്ചതായാണ് വിവരം. മുതിര്‍ന്ന നേതാവായ പാര്‍ത്ഥ ചാറ്റര്‍ജി ഇതിന്റെ സൂചന നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച, പ്രശാന്തിനൊപ്പം മമത എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടിരുന്നു. 2024 തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കങ്ങള്‍ ശരദ് പവാറും മമതയും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Top