തൃപ്‍തിയുടെ വീടിന് മുന്നില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ക്കൊരുങ്ങി ആചാര സംരക്ഷണ സമിതി

മുംബൈ: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ശേഷം പ്രതിഷേധത്തെത്തുടര്‍ന്ന് തിരികെപോയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം. അര്‍ദ്ധ രാത്രിയോടെ മുംബൈയില്‍ എത്തിയ തൃപ്തി ദേശായിക്ക് മണിക്കൂറുകള്‍ കാത്തുനിന്നതിനു ശേഷമാണ് വിമാനത്താവളത്തിനു പുറത്തെത്താനായത്.

വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു നാമജപ പ്രതിഷേധം.13 മണിക്കൂര്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാവാതെ തിരികെയെത്തിയതായിരുന്നു തൃപ്തി. മുംബൈ ഏയര്‍പോര്‍ട്ടിനു മുന്നില്‍ തടിച്ചു കൂടി വിശ്വാസികള്‍ തൃപ്തിയെ പുറത്തിറക്കാന്‍ അനുവദിച്ചില്ല.

ഇതിനിടയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ലംഘിച്ച് ചിലര്‍ പ്രധാന കവാടത്തിലേക്ക് തള്ളി കയറാന്‍ ചിലര്‍ ശ്രമിച്ചതോടെ സുരക്ഷാ സേന ഇടപെട്ടു. പിന്നീട് പ്രതിഷേധക്കാരെ പിരിച്ചുവിട്ടതിനു ശേഷം മുംബൈ പോലീസ് എത്തി മറ്റൊരു വഴിയിലൂടെ തൃപ്തിയെ വിമാനത്താവളത്തിനു പുറത്ത് എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നല്‍കിയ പ്രത്യേക സുരക്ഷയാണ് തൃപ്തി പൂനെയിലേക്ക് മടങ്ങിയത്. ഇതിനിടെ തൃപ്തിയുടെ വീടിന് മുമ്പില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ക്കൊരുങ്ങിയിരിക്കുകയാണ് ആചാര സംരക്ഷണ സമിതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top