ആക്ഷൻ പ്ലാൻ തയ്യാറാക്കി ശബരിമലക്ക് തൃപ്തി ദേശായി വീണ്ടും വരുന്നു . . . !

സംഘപരിവാര്‍ ശബരിമല സന്നിധാനത്തെ പ്രതിഷേധം അവസാനിപ്പിച്ചതോടെ ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായി ഒരുങ്ങുന്നു.

ഒരിക്കല്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട് വിമാനത്താവളത്തിന് പുറത്തു പോലും കടക്കാതെ തിരിച്ചു മടങ്ങേണ്ടി വന്ന നാണക്കേട് തീര്‍ക്കാന്‍ വീണ്ടും ഉടന്‍ അവര്‍ ശബരിമലയിലേക്ക് പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.

തീര്‍ഥാടനം സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ നിയന്ത്രണമുള്ളതിനാല്‍ ഈ സമിതിക്കും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കാനും അവര്‍ ആഗ്രഹിക്കുന്നുണ്ട്.

ഒളിച്ച് ശബരിമല ദര്‍ശനത്തിന് എത്തില്ലെന്നും നിയമപരമായി തന്നെ ഇടപെട്ട് ഈ മണ്ഡലകാലത്ത് തന്നെ ദര്‍ശനം നടത്തുമെന്നും തൃപ്തി ദേശായി വിമാനത്താവളത്തില്‍ വച്ചു തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്വകാര്യ വാഹനത്തില്‍ നിലയ്ക്കലില്‍ എത്തി അവിടെ നിന്നും അപ്രതീക്ഷിതമായി പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് മല കയറാനാണ് ഇപ്പോഴത്തെ ആലോചന. മുന്‍കൂട്ടി പൊലീസിനു വിവരം നല്‍കിയാല്‍ വിവരം ചോര്‍ന്ന് പ്രതിഷേധക്കാര്‍ സംഘടിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഈ നീക്കം.

പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് നിലയ്ക്കല്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വാഹനത്തില്‍ തന്നെയെത്താനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. സന്നിധാനത്തെ സമരം അവസാനിപ്പിച്ച ബിജെപി നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിലയ്ക്കലിലേയ്ക്ക് ഇപ്പോള്‍ സമരം മാറ്റിയതും തൃപ്തി അടക്കമുള്ളവരുടെ വരവു മുന്‍കൂട്ടി കണ്ടാണ്.

പൊലീസിനെ സംബന്ധിച്ച് മറ്റു ചിലരെ തിരിച്ചയച്ചതു പോലെ തൃപ്തി ദേശായിയെ തിരിച്ചയക്കാന്‍ കഴിയില്ല. അവര്‍ നിലയ്ക്കലില്‍ എത്തി പൊലീസ് സഹായം ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടി വരും. പിന്നീട് തിരിച്ച് അവരെ വിമാനം കയറ്റി മുംബൈക്ക് അയക്കുന്നതുവരെയുള്ള ബാധ്യതയും പൊലീസിനും സംസ്ഥാന സര്‍ക്കാറിനും ആയിരിക്കും.

ശബരിമല സുരക്ഷാ നിയന്ത്രണം സംബന്ധിച്ച് ഹൈക്കോടതി നിരീക്ഷകരുടെ മേല്‍നോട്ടമുള്ളതിനാല്‍ വലിയ റിസ്‌ക്ക് എടുക്കാന്‍ ഇനി പൊലീസും തയ്യാറാകില്ലെന്നാണ് സൂചന. തൃപ്തി വന്നാല്‍ അതടക്കം ഈ സമിതിയുമായി കൂടിയാലോചിച്ച് മാത്രം തീരുമാനമെടുക്കാനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതിയുടെ വിധി നില നില്‍ക്കുന്ന സാഹചര്യത്തില്‍ അയ്യപ്പനെ കാണണമെന്ന ആഗ്രഹത്തോടെ മല ചവിട്ടാന്‍ എത്തുന്നവരെ തടയാന്‍ പൊലീസിന് കഴിയില്ല.

അനുനയത്തില്‍ തിരിച്ചയക്കാന്‍ നോക്കിയാല്‍ കോടതിയില്‍ നിന്നും നടപടി നേരിടേണ്ടി വരുമെന്ന ആശങ്കയും പൊലീസുദ്യോഗസ്ഥര്‍ക്കുണ്ട്. തൃപ്തിയെ പോലുള്ളവര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്ന കാര്യവും ഉറപ്പാണ്.

സംഘപരിവാര്‍ സംഘടനകള്‍ സന്നിധാനത്തെ പ്രതിഷേധം അവസാനിപ്പിച്ചത് മാത്രമാണ് പൊലീസിന് അല്‍പ്പം ആശ്വാസം പകരുന്നത്.

എന്നാല്‍ മണ്ഡലകാലമായതിനാല്‍ ഭക്തര്‍ വലിയ തോതില്‍ വരുമെന്നതിനാല്‍ ചെറിയ പ്രതിഷേധം പോലും നിയന്ത്രണം വിട്ടു പോകുമെന്ന ആശങ്ക പൊലീസിനുണ്ട്. അതു കൊണ്ടു തന്നെയാണ് നിരോധനാജ്ഞ പിന്‍വലിക്കരുതെന്ന നിലപാടില്‍ പൊലീസ് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത്.

അതേസമയം, സംഘപരിവാര്‍ സംഘടനകള്‍ സന്നിധാനത്ത് നിന്നും പ്രത്യക്ഷ സമരത്തില്‍ നിന്നും പിന്‍മാറിയെങ്കിലും പ്രവര്‍ത്തകര്‍ ഇപ്പോഴം ഭക്തരായി ശബരിമലയില്‍ സജീവമായി ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുവതീ പ്രവേശനം ഉണ്ടായാല്‍ ഭക്ത വികാരം ഉയര്‍ത്തി പ്രതിഷേധം ഉണ്ടാക്കാന്‍ ഒരു വ്യക്തി പോലും വിചാരിച്ചാല്‍ നടക്കുമെന്നതിനാല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നീക്കത്തെ ജാഗ്രതയോടെയാണ് രഹസ്യ പൊലീസ് നിരീക്ഷിച്ചു വരുന്നത്.

സന്നിധാനത്തെ നാമജപ പ്രതിഷേധം നിര്‍ത്തിയെങ്കിലും യുവതികള്‍ മലകയറാന്‍ വന്നാല്‍ തടയുമെന്ന നിലപാടില്‍ തന്നെയാണ് സംഘ പരിവാര്‍ പ്രവര്‍ത്തകര്‍.

Top