അഗർത്തല: ത്രിപുരയിൽ സിപിഎമ്മുമായുള്ള സീറ്റ് ധാരണ ലംഘിച്ച് പതിമൂന്നിന് പകരം 17 സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് അടക്കം 48 സ്ഥാനാര്‍ഥികളെ ബിജെപിയും പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിൽ അതൃപ്തരായ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ത്തു.
അറുപത് നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 47 സീറ്റ് ഇടത് പാര്‍ട്ടികള്‍ക്കും 13 കോണ്‍ഗ്രസിനും എന്നതായിരുന്നു ധാരണ. എന്നാല്‍ ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് തെറ്റി. പിന്നീട് പുറത്തുവന്ന കോണ്‍ഗ്രസ് പട്ടികയില്‍ പതിനേഴ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎമ്മിന്‍റെ ബർജാല, മജ്‍ലിഷ്പൂർ സീറ്റുകളിലും ആർഎസ്പിയുടെയും ഫോർവേർഡ് ബ്ലോക്കിന്‍റെയും ഓരോ സീറ്റുകളിലുമാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ നിര്‍ത്തിയത്. കോണ്‍ഗ്രസിന് 2018 വരെ ശക്തിയുണ്ടായിരുന്ന മേഖലകളാണ് ഇത്.