ചാവക്കാട് ബ്ലാങ്ങാട് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് തകര്‍ന്നതല്ലെന്ന് മുഹമ്മദ് റിയാസ്

മലപ്പുറം: തൃശ്ശൂര്‍ ചാവക്കാട് ബ്ലാങ്ങാട് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് തകര്‍ന്നതല്ലെന്ന് ടൂറിസ് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വേലിയേറ്റ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുമാറ്റിയതാണെന്നാണ് മന്ത്രി വിശദീകരിച്ചിരിക്കുന്നത്. മലപ്പുറത്തെ നവകേരള സദസില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സാധാരണഗതിയില്‍ വ്യക്തിപരമായി ഉയരുന്ന അക്ഷേപങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാറില്ല. എന്നാല്‍, ടൂറിസം മേഖലയെ ബാധിക്കുന്ന കാര്യമായതിനാലാണ് ഇക്കാര്യത്തില്‍ വിശദീകരണത്തിന് മുതിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. വേലിയേറ്റ മുന്നറിയിപ്പ് വന്നയുടന്‍ തന്നെ പാലത്തിലേക്കുള്ള പ്രവേശനം നിരോധിക്കുകയും പിന്നീട് അതിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ അഴിച്ചുമാറ്റുകയും ചെയ്തതെന്നാണ് മന്ത്രി പറഞ്ഞത്.

കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയുടെ കുതിപ്പിനെയും വര്‍ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിനെയും കേരളത്തിലെ ബീച്ച് ടൂറിസത്തിന്റെ സാധ്യതയെ ഇത്തരം പ്രചരണങ്ങള്‍ വലിയ തോതില്‍ ബാധിക്കുമെന്നാണ് മന്ത്രി അഭിപ്രായപ്പെടുന്നത്.

തീരദേശ മേഖലയിലേക്ക് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി കടലിലൂടെ നടക്കാന്‍ സാധിക്കുന്ന തരത്തില്‍ സജീകരിച്ചിട്ടുള്ള സംവിധാനമാണ് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ്. ഇത് ടൂറിസം വകുപ്പും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും എല്ലാ സുരക്ഷ സംവിധാനങ്ങളും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഒരുക്കിയാണ് നടപ്പിക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഞങ്ങളെ നിങ്ങള്‍ ആക്രമിച്ചോളൂ. വ്യക്തിപരമായി എങ്ങനെ വേണമെങ്കിലും അക്രമിച്ചോളൂ. പുഞ്ചിരിച്ചുകൊണ്ടുതന്നെ ഞങ്ങള്‍ അതിനെ നേരിട്ട് മുന്നോട്ടുപോകും. എന്നാല്‍, ഒരു സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സായ ടൂറിസം മേഖലയ്ക്ക് പ്രയാസം സൃഷ്ടിക്കാന്‍ എന്തിനാണ് ഇത്തരത്തിലുള്ള അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് മന്ത്രി മുഹമ്മദ് റിയാസം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സ്വകാര്യ കമ്പനിക്കാണ് ഈ മേഖലയിലെ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജിന്റെ നടത്തിപ്പുചുമതല. വേലിയേറ്റത്തിന് വീണ്ടും സാധ്യതയുള്ളതിനാലാണ് ബ്രിഡ്ജ് പൂര്‍ണമായും കരയ്ക്കുകയറ്റുന്നതെന്നാണ് നടത്തിപ്പുകാര്‍ അറിയിച്ചിരുന്നത്. കടല്‍ ശാന്തമാകുന്നതുവരെ ഇനി ബ്രിഡ്ജിന്റെ പ്രവര്‍ത്തനമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top