കൊച്ചി: തൃശൂരില്‍ നിന്നും എറണാംകുളത്തേക്കുള്ള ദേശീയപാത പൂര്‍ണമായും അടച്ചു. ടോള്‍ പ്ലാസ, പുതുക്കാട്, ആമ്പല്ലൂര്‍, കറുകുറ്റി, മുരിങ്ങൂര്‍, എന്നീ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. മുരിങ്ങൂര്‍ മേല്‍പ്പാലത്തിലും വെള്ളം കയറിയിരിക്കുകയാണ്. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്ന പല റോഡുകളും പലയിടത്തായി വെള്ളത്തിനടിയിലാണ്. എന്നാല്‍ തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ടിനു നേരിയ ശമനമുണ്ട്.
അതേസമയം, ചാലക്കുടിയില്‍ കെട്ടിടം ഇടിഞ്ഞു വീണ്ടുണ്ടായ അപകടത്തില്‍ ഏഴ് പേരെ കാണാതായിരിക്കുകയാണ്. എഴുപത് പേര്‍ അഭയം പ്രാപിച്ച കെട്ടിടമാണ് തകര്‍ന്നത്. പ്രദേശത്ത് നിരവധി പേരാണ് കുടുങ്ങി കിടിക്കുന്നത്. ഒപ്പം ചാലക്കുടിയില്‍ നിരവധി ക്യാമ്പുകളിലും വെള്ളം കയറിയിട്ടുണ്ട്. കുണ്ടൂരിലും മാളയിലുമുള്ള ക്യാമ്പുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇവിടെ ആഹാരത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നുണ്ട്.
ചാലക്കുടി അന്നമനടയ്ക്കു സമീപം വൈന്തലപ്പള്ളിയില്‍ മുപ്പത്തോളം പേര്‍ കുടുങ്ങി കിടക്കുന്നു. വ്യാഴാഴ്ച മുതല്‍ ഇവര്‍ പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ്.