തൃശൂര്‍: എരുമപ്പെട്ടിയില്‍ പീഡനത്തിന് ഇരയായ പന്ത്രണ്ടുകാരിയെയും മാതാവിനെയും ഭീഷണിപ്പെടുത്തിയ എസ് ഐ ക്ക് സസ്‌പെന്‍ഷന്‍.
എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ ടി.ഡി. ജോസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മൊഴി നല്‍കാനെത്തിയവരെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തിയതിനാണ് നടപടി.
അയല്‍വാസികളായ മധ്യവയസ്‌കനും മകനും ചേര്‍ന്ന് മാനസിക വളര്‍ച്ച എത്താത്ത പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന് പിന്നാലെയാണ് പരാതിക്കാരെ പൊലീസ് ഭീഷണിപ്പെടുത്തിയത്.
കുട്ടിയും മാതാവും ഞായറാഴ്ച വൈകിട്ട് കുന്നംകുളം സി.ഐ ഓഫീസില്‍ എത്തി മൊഴി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം സംഭവ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ നെല്ലുവായിയിലെ വീട്ടിലെത്തി.
ഇവിടെ വച്ച് കുട്ടിയെയും അമ്മയെയും പ്രതികളും അയല്‍വാസികളായ ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വച്ചു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂപ്പതിലധികം പേര്‍ ആക്രമിക്കാനൊരുങ്ങുകയും ചെയ്തു.
പൊലീസിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് ഇവരെത്തിയത്. വീട്ടിലെത്തിയ അഡീഷണല്‍ എസ്.ഐ ടി.ഡി ജോസ് തന്നോടും മകളോടും അസഭ്യം പറഞ്ഞുവെന്നാണ് പരാതി.
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ ടി.ഡി ജോസിനെ സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിനും തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്.