ചാവക്കാട്: മഹിളാ കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ യുവതിക്കെതിരെ അശ്ലീലം നിറഞ്ഞ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ ഡിസിസി സെക്രട്ടറിക്കെതിരെ കേസെടുത്ത് ചാവക്കാട് പൊലീസ്.
ചാവക്കാട് പുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ ഹിമ മനോജിന്റെ പരാതിയിലാണ് ഡിസിസി സെക്രട്ടറി പി യതീന്ദ്രദാസിനെതിരെ പൊലീസ് ഐടി ആക്ട് പ്രകാരം സ്ത്രീകളെ അപമാനിച്ചെന്ന വകുപ്പുമിട്ട് കേസെടുത്തത്.
കഴിഞ്ഞ ആഴ്ചയാണ് യുവതിയെ അപമാനിച്ച് ചാവക്കാട് പുന്ന മേഖലകളില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരിപ്പിച്ചത്. പിന്നീട് ഈ പോസ്റ്ററുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.
ഇതിനെത്തുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് ഡിസിസി സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൂടിയായ യുവതി ഒരു വര്‍ഷം മുമ്പ് ഇതേ ഡിസിസി സെക്രട്ടറി തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഹൈക്കോടതിയില്‍ നിന്ന് ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു.