തൃശ്ശൂര്‍ കേരളവര്‍മ്മ ഇലക്ഷന്‍, ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു; കെ.എസ്.യു

തൃശ്ശൂര്‍: തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. റീ ഇലക്ഷന്‍ നടത്തണമെന്നായിരുന്നു കെ.എസ്.യുവിന്റെയും കേരള വര്‍മ്മയിലെ വിദ്യാര്‍ത്ഥികളുടെയും ആവശ്യം. കേരളവര്‍മ്മയില്‍ ജനാധിപത്യത്തെ അടിമറിക്കുന്ന സമീപനമാണ് എസ്.എഫ്.ഐ സ്വീകരിച്ചത്.

റീ കൗണ്ടിംഗില്‍ ഒട്ടനവധി അനഭലഷണീയ പ്രവണതകള്‍ നടന്നതുകൊണ്ടാണ് കെ.എസ്.യുവിന് റീകൗണ്ടിങ് ഒരു ഘട്ടത്തില്‍ ബഹിഷ്‌ക്കരിക്കേണ്ട സാഹചര്യമുണ്ടായത്. കെ എസ് യു ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ബഹു ഹൈക്കോടതിയും നിരീക്ഷിച്ചിട്ടുള്ളതാണെന്നും കെ.എസ്.യുവിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

കെ.എസ്.യുവിന്റെ വാര്‍ത്താകുറിപ്പ്:

രാഷ്ട്രീയമായും നിയമപരവുമായുള്ള വലിയൊരു പോരാട്ടത്തിനാണ് കെ.എസ്.യു നേതൃത്വം നല്‍കിയത്. പക്ഷേ, റീ ഇലക്ഷന്‍ നടത്തണമെന്നായിരുന്നു കെ.എസ്.യുവിന്റെയും കേരള വര്‍മ്മയിലെ വിദ്യാര്‍ത്ഥികളുടെയും ആവശ്യം. കേരളവര്‍മ്മയില്‍ ജനാധിപത്യത്തെ അടിമറിക്കുന്ന സമീപനമാണ് എസ്.എഫ്.ഐ സ്വീകരിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആദ്യം വിജയിച്ചത് കെ.എസ്.യുവിന്റെ എസ് ശ്രീക്കുട്ടനായിരുന്നു. തുടര്‍ന്ന് എസ്.എഫ്.ഐ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് റീ കൗണ്ടിംഗ് നടത്തിയത്. ആ കത്ത് പോലും ഉചിതമായ മാര്‍ഗ്ഗത്തിലല്ല എന്ന് കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്. റീ കൗണ്ടിംഗില്‍ ഒട്ടനവധി അനഭലഷണീയ പ്രവണതകള്‍ നടന്നതുകൊണ്ടാണ് കെ.എസ്.യുവിന് റീകൗണ്ടിങ് ഒരു ഘട്ടത്തില്‍ ബഹിഷ്‌ക്കരിക്കേണ്ട സാഹചര്യമുണ്ടായത്. കെ എസ് യു ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ബഹു ഹൈക്കോടതിയും നിരീക്ഷിച്ചിട്ടുള്ളതാണ്.

എസ്എഫ്‌ഐ അവകാശപ്പെട്ടത് തങ്ങളുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി അനിരുദ്ധനാണ് ചെയര്‍മാനായി വിജയിച്ചത് എന്നാണ്.ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ ജയിച്ചത് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയാണ് എന്ന്, വ്യാജമായി നിര്‍മ്മിച്ച ടാബുലേഷന്‍ ഷീറ്റ് ഉയര്‍ത്തി കാട്ടി മാധ്യമ ചര്‍ച്ചകളില്‍ ഉള്‍പ്പടെ തെറ്റിദ്ധരിപ്പിക്കാനാണ് സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ഉള്‍പ്പടെയുള്ള നേതാക്കള്‍ ശ്രമിച്ചത്.

വ്യാജടാബുലേഷന്‍ ഷീറ്റ് നിര്‍മ്മിക്കാന്‍ അവരെ സഹായിച്ചത് മുന്‍ കാല എസ്എഫ്‌ഐ സഹയാത്രികരായ കേരള വര്‍മ്മ കോളേജിലെ മൂന്ന് അധ്യാപകരാണ്. ഇക്കാര്യത്തില്‍ കെ.എസ്.യു തുടക്കം മുതല്‍ ആക്ഷേപം ഉന്നയിച്ചതാണ്. കോളേജിലെ കമ്പ്യൂട്ടറും, മെയില്‍ ഐഡിയും ഉള്‍പ്പടെ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ഞങ്ങളുടെ പരാതിയും നിലനില്‍ക്കുകയാണ്.

ബാലറ്റ് പേപ്പറുകള്‍ ഇത്രയും ദിവസങ്ങളായിട്ടും കോളേജില്‍ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നു എന്നത് ഏതു തരത്തിലുള്ള ക്രമക്കേടിനും ഇടവരുത്തുന്നതാണ്. നാല്പത്തിയെട്ട് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് കോളേജിലെ സ്‌ട്രോങ്ങ് റൂമിലേക്ക് ബാലറ്റ് പേപ്പര്‍ മാറ്റിയത്. തുടര്‍ന്ന് ട്രഷറിയിലേക്ക് ബാലറ്റ് ഉള്‍പ്പെടെ ഉള്ളവ മാറ്റി. കോടതി ആവശ്യപ്പെട്ട രേഖകള്‍ എടുക്കുന്നതിനായി കോളേജിലേക്ക് കൊണ്ട് വന്ന രേഖകള്‍ തിരികെ ട്രഷറിയിലേക്ക് കൊണ്ട് പോയിട്ടില്ല, കോളേജ് ഓഫീസിലെ സ്‌ട്രോങ്ങ് മുറിയിലാണ് ഉള്ളത്. എസ്എഫ്‌ഐ രാത്രിയില്‍ പോലും സൈ്വര്യ വിഹാരം നടത്തുന്ന ക്യാമ്പസില്‍ ഇതിനോടകം തന്നെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അലോഷ്യസ് സേവ്യര്‍ പറഞ്ഞു. അതു കൊണ്ട് തന്നെ റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തണമെന്ന് ആവശ്യപ്പെട്ടാലും അതിനുള്ള സാഹചര്യം കോളേജില്‍ ഉണ്ടെന്നു കെ എസ് യു കരുതുന്നില്ല. ഈ സാഹചര്യത്തില്‍ കെ.എസ്.യുവിനും കേരള വര്‍മ്മയിലെ വിദ്യാര്‍ത്ഥികള്‍ക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

കേരളവര്‍മ്മയില്‍ ജനാധിപത്യത്തെ തച്ചു തകര്‍ക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ ശ്രീക്കുട്ടനോടും വിദ്യാര്‍ത്ഥി സമൂഹത്തോടും മാപ്പു പറയണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.

Top