ദുബൈ: സാക്ഷാല്‍ സവര്‍ക്കര്‍ രണ്ടാം ജന്മം ജനിച്ച് വന്നാല്‍ പോലും തൃശൂരിനെ എടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍. തൃശൂര്‍, തൃശൂരുകാരുടെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്നും പ്രതാപന്‍ പറഞ്ഞു. ദുബൈയില്‍, നാട്ടിക കെഎംസിസി സംഘടിപ്പിച്ച ‘ടി എന്നിനൊപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതാപന്‍. തൃശൂരില്‍ ഇത്തവണ ജയിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജനങ്ങളുടെ പള്‍സ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും, ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു. ദുബൈയില്‍ ‘ഗരുഢന്‍’ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാരുന്നു അദ്ദേഹം. ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യര്‍ത്ഥന. പിന്നീട്, വ്യത്യസ്തമായ തൃശൂരിനെ കാണാമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തന്നെ ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വളരെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ലോക്‌സഭയിലേക്ക് കണ്ണൂരില്‍ നിന്നും മത്സരിക്കാന്‍ തയ്യാറെന്ന സൂചനയും സുരേഷ് ഗോപി നല്‍കിയിരുന്നു. തന്നെ വരത്തനെന്ന് വിളിക്കാന്‍ കുറച്ചുകാലം കൂടി മാത്രം വടക്കുള്ളവര്‍ക്ക് അവസരമെന്ന് സുരേഷ് ഗോപി പയ്യന്നൂരില്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കുറച്ചുകാലം കഴിഞ്ഞാല്‍ താന്‍ നിങ്ങളുടെ സ്വന്തമായും വരാമെന്നും അദ്ദേഹം പറഞ്ഞു.ലോക്‌സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരില്‍ നിന്നോ മത്സരിക്കാന്‍ തയ്യാറെന്ന് നടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.