തൃശ്ശൂര്‍: കോവിഡ് വ്യാപനം കണക്കിലെടുത്ത് തൃശ്ശൂര്‍ പൂരം ചടങ്ങു മാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന് ദേവസ്വങ്ങള്‍.
ഇന്ന് വൈകീട്ട് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുളള യോഗത്തിന് മുന്നോടിയായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെവ്വേറെ യോഗം ചേര്‍ന്നിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങളെ ഉള്‍ക്കൊളളിച്ച് പൂരം നടത്താനാകില്ലെന്നാണ് പൊതു അഭിപ്രായം.
ഇതിന്റെ പശ്ചാത്തലത്തില്‍ കാണികളെ ഒഴിവാക്കിക്കൊണ്ട് പൂരം ചടങ്ങ് മാത്രമായി നടത്താനാണ് ആലോചന നടക്കുന്നത്. പൂരം മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കാനുളള നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. പൂരം നടത്തിപ്പിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന തീരുമാനത്തിലേക്കും ദേവസ്വം ഭാരവാഹികള്‍ എത്തിച്ചേര്‍ന്നു. പൂരം നടത്തിപ്പിന് ആരോഗ്യ സര്‍വകലാശാല വിസി ചെയര്‍മാനായി പ്രത്യേക മെഡിക്കല്‍ സമിതി രൂപവത്കരിച്ചു.