തിരുവനന്തപുരം: ആന എഴുന്നള്ളത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. പകല്‍ പത്തിനും വൈകീട്ട് അഞ്ചിനുമിടക്ക് ആനകളെ എഴുന്നള്ളിക്കരുതെന്നും എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നുമുള്ള ഉത്തരവ് ഇന്നലെയാണ് ദേവസ്വങ്ങള്‍ക്ക് ലഭിച്ചത്. ദേവസ്വം ബോര്‍ഡുകളുടെ അപേക്ഷ പരിഗണിച്ചാണ് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് ഉത്തരവ് പിന്‍വലിച്ചത്. പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വനം മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
സര്‍ക്കുലര്‍ ഇറക്കാന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അനുമതിയില്ലാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടും. ദേവസ്വം അധികൃതരുമായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ചര്‍ച്ച നടത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
രാത്രി വെടിക്കെട്ടിന് ഹൈക്കോടതിയും ആന എഴുന്നെള്ളിപ്പിന് വനം വകുപ്പും വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തൃശൂര്‍ പൂരം വെറും ചടങ്ങായി നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.