thrissur- woman found dead in railway track

ചേലക്കര: മുംബയില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യവെ കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി.

ചേലക്കര കിള്ളിമംഗലം കരുവാരില്‍ ശ്രീധരന്‍ രാധാമണി ദമ്പതികളുടെ മകളും ഒറ്റപ്പാലം സ്വദേശി മുരളീധരന്റെ ഭാര്യയുമായ അജിത(40)യുടെ മൃതദേഹമാണ് ഉഡുപ്പിയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്‌.

15 വര്‍ഷമായി മുംബയില്‍ ജോലി ചെയ്യുകയായിരുന്ന അജിത മുരളീധരനും മകള്‍ക്കുമൊപ്പം കല്യാണ്‍ സ്‌റ്റേഷനില്‍ നിന്നും ഈ മാസം എട്ടിനാണ് മംഗള എക്‌സ്പ്രസിലെ എ സി. കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര തിരിച്ചത്. രാത്രി 9 മണിയോടെ മഡ്ഗാവ് സ്‌റ്റേഷനില്‍ എത്തി ഭക്ഷണം കഴിച്ച ശേഷം അതേ ട്രെയിനിലെ ബര്‍ത്തില്‍ കിടന്നുറങ്ങി.

പുലര്‍ച്ചെ രണ്ടരയോടെ ട്രെയിന്‍ പയ്യന്നൂരിലെത്തിയപ്പോഴാണ് താഴത്തെ ബര്‍ത്തില്‍ ഉറങ്ങിയിരുന്ന അജിതയെ കാണാതായ വിവരം മുരളീധരന്‍ അറിയുന്നത്. ഉടന്‍ തന്നെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. അവര്‍ കോഴിക്കേടു നിന്നും ഷൊര്‍ണ്ണൂര്‍ വരെ അനുഗമിച്ചിരുന്നു.

തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിലും പിന്നീട് ചേലക്കര പൊലീസിലും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Top