തൃശൂര്‍: അതിരപ്പിള്ളിയില്‍ യുവാവ് വെട്ടേറ്റു മരിച്ച കേസിലെ പ്രതി പിടിയില്‍. അതിരിപ്പിള്ളി സ്വദേശി ഗിരീഷാണ് ശനിയാഴ്ച പുലര്‍ച്ചെ പിടിയിലായത്. കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപ്(39) ആണ് വെട്ടേറ്റുമരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കണ്ണന്‍കുഴി പാലത്തിനുസമീപത്തുവച്ചാണ് പ്രദീപിന് വെട്ടേറ്റത്. അതിരപ്പിള്ളി പ്ലാന്റേഷനിലെ താത്കാലിക തൊഴിലാളിയും കണ്ണന്‍കുഴി ജലനിധിയുടെ പമ്പ് ഓപ്പറേറ്ററുമായ പ്രദീപ് രാത്രി ജലനിധിയുടെ മോട്ടോര്‍ ഓഫ് ചെയ്ത് വരുന്ന വഴിയാണ് അതിരപ്പിള്ളിക്ക് സമീപം കണ്ണന്‍കുഴി പാലത്തിനോട് ചേര്‍ന്ന് സംഭവം നടക്കുന്നത്.
കഴിഞ്ഞ ദിവസം ഗിരീഷും പ്രദീപും തമ്മില്‍ കണ്ണന്കുഴിയില്വച്ച് വഴക്കുണ്ടായതായി പറയുന്നു. വഴക്ക് കൈയാങ്കളിയിലെത്തിയപ്പോള്‍ നാട്ടുകാര്‍ പിടിച്ചുമാറ്റുകയും പ്രശ്നം തീര്‍ക്കാന്‍ ഇരുവരെയും അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അപകടം നടന്നത്.