തൃശൂര്‍ : കയ്പമംഗലത്ത് പെട്രോള്‍ പമ്പുടമയെ തട്ടിക്കൊണ്ട് പോകാന്‍ കൊലപാതകം നടക്കുന്നതിന് തലേ ദിവസവും പ്രതികള്‍ ശ്രമം നടത്തിയതായി പൊലീസ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് ബംഗളുരുവിലേക്ക് പോകാനായിരുന്നു പ്രതികളുടെ പരിപാടിയെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ പറഞ്ഞു.
അന്‍സാറിന്റെ സഹപാഠിയായിരുന്നു സ്റ്റിയോ ജോണ്‍. അനസാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത്. ഒരു ബൈക്കില്‍ മൂന്ന് പേരും മോഹന ചന്ദ്രനെ പിന്തുടര്‍ന്നു. ബൈക്ക് കാറിന് പിന്നില്‍ ഇടിച്ചു. പുറത്തിറങ്ങിയ മോഹന ചന്ദ്രനെ കീഴ്‌പ്പെടുത്തി കാറില്‍ കയറ്റിയ ശേഷം കൈകളും ബന്ധിക്കുകയും വായ മൂടിക്കെട്ടുകയും ചെയ്തു.
പെട്രോള്‍ പമ്പിലെ ഓരോ ദിവസത്തെയും കളക്ഷന്‍ രാത്രി മനോഹരന്‍ വീട്ടില്‍ കൊണ്ടുപോകുമെന്ന വിശ്വാസത്തിലാണ് തട്ടിക്കൊണ്ടു പോകല്‍ അക്രമികള്‍ ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.
പണം ഇല്ലെന്നു കണ്ടപ്പോള്‍ കാറുമായി കടന്നു കളയാന്‍ അക്രമി സംഘം തീരുമാനിച്ചു. ഇത് ചെറുത്തപ്പോഴാണ് മനോഹരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നും പോലീസ് സംശയിക്കുന്നു.
അതേസമയം മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ബലപ്രയോഗം നടന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മനോഹരന്റെ കാര്‍ മലപ്പുറം അങ്ങാടിപ്പുറത്തു നിന്നു അന്വേഷണ സംഘം കണ്ടെത്തി.
വാഹനത്തില്‍ വെച്ച് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. ശരീരത്തില്‍ മുറിപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഗുരുവായൂരിനടുത്ത് വഴിയരികില്‍ മരിച്ച നിലയിലാണ് കയ്പമംഗലം സ്വദേശി കോഴി പറമ്പില്‍ മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്.