തൃശൂര്‍: വനിത ഐപിഎസ് പൊലീസ് ഉദ്യോഗസ്ഥരെയും വനിത സിവില്‍ പൊലീസുകാരെയും നിരന്തരം ഫോണില്‍ വിളിച്ച് അസഭ്യവും അശ്ലീലവും പറയുന്ന യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം തുമ്പ മരിയന്‍ എന്‍ജിനീയറിങ് കോളജിനു സമീപം പുറമ്പോക്കില്‍ താമസിക്കുന്ന ജോസ്(29)ആണ് പിടിയിലായത്.
വനിത പൊലീസുകാരുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് അവരുടെ വാട്ട്‌സ്ആപ്പിലേക്കും മറ്റും അശ്ലീല വീഡിയോകള്‍ അയച്ചു നല്‍കുന്നത് ഇയാളുടെ സ്ഥിരം പണിയാണ്. മാത്രമല്ല സിറ്റി വനിത സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്കു ആരോ നിരന്തരം വിളിച്ച് അസഭ്യം പറയുന്നതായി സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ പരാതി പറഞ്ഞിരുന്നു. വനിത പൊലീസുകാര്‍ ഫോണ്‍ എടുക്കുമ്പോള്‍ മാത്രമേ അശ്ലീല സംഭാഷണമുള്ളൂ. എന്നാല്‍ പുരുഷ പൊലീസുകാരാണ് ഫോണെടുക്കുന്നതെങ്കില്‍ അവരോട് കേട്ടാലറയ്ക്കുന്ന അസഭ്യംവിളിയാകും പ്രതികരണവും.
എസിപിയുടെ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെയുള്ളവരുടെ ഫോണിലേക്ക് അശ്ലീലവിളി എത്തുന്നതായി മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഡയറിയില്‍ നിന്നും മറ്റും വിവിധ പൊലീസ് സ്റ്റേഷനുകളിലെ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു നോക്കുകയാണ് ഇയാളുടെ പരിപാടി എന്ന് മനസ്സിലായി.
പിങ്ക് പൊലീസ്, വനിതാ സ്റ്റേഷന്‍, വനിത സെല്‍ തുടങ്ങിയ നമ്പറുകളിലേക്കും ഇയാള്‍ ഫോണ്‍വിളിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒളിഞ്ഞു നോട്ടത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് ഇയാള്‍ തെറിവിളി തുടങ്ങിയത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.