തൃശൂര്‍: ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം വന്നതിനു പിന്നാലെ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്.വാസന്‍ സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കി. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ജഡ്ജി അപേക്ഷ നല്‍കി. ജഡ്ജിക്കെതിരേ നടപടിയെടുക്കുന്ന കാര്യം ഭരണ വിഭാഗം പരിഗണിക്കണമെന്ന ഹൈക്കോടതി നിരീക്ഷണത്തിനു പിന്നാലെയാണ് വിജിലന്‍സ് ജഡ്ജി വാസന്റെ നടപടി എന്നതും ശ്രദ്ധേയമാണ്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ജഡ്ജിക്കെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം ഒരു ജഡ്ജിയെ കൊണ്ടു എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്നും വിജിലന്‍സ് കോടതി അധികാരപരിധി ലംഘിച്ചുവെന്നും എന്തൊക്കെയാണ് അധികാരം എന്ന് ജഡ്ജി ആദ്യം മനസിലാക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.