തിരുവനന്തപുരം: കൂറ്റനാടും മാറുകയാണ്.കേരളത്തിലെ പട്ടണ വികസനത്തില്‍ തൃത്താല കൂറ്റനാടും ഇടംപിടിക്കുന്നു. സംസ്ഥാനത്താകെ നവീകരിക്കുന്ന 20 പ്രധാന ജംഗ്ഷനുകളില്‍ ഒന്നായി തൃത്താലയിലെ കൂറ്റനാടിനെയും ഉള്‍പ്പെടുത്താനായി എന്നത് ഒരു സുപ്രധാന നേട്ടമാണെന്നും മന്ത്രി എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്ഥലമെറ്റെടുക്കലിന് മുന്നോടിയായി കൂറ്റനാട്ടെ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും യോഗം ഇന്ന് വിളിച്ചു, കൂറ്റനാട് ജംഗ്ഷനിലേക്ക് എത്തിച്ചേരുന്ന 4 പ്രധാന റോഡുകളും 300 മീറ്റര്‍ നീളത്തില്‍ നവീകരിക്കും. 4 റോഡുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഓട്ടോ സ്റ്റാന്‍ഡുകളും നിര്‍മ്മിക്കും. ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സംവിധാനം ഉള്‍പ്പെടെയുള്ള ട്രാഫിക് ഐലന്‍ഡും നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. 23 മീറ്റര്‍ വരെ വീതിയിലായിരിക്കും ജംങ്ഷന്‍ നവീകരിക്കുക.
തുടര്‍ന്ന് സര്‍വേ നടപടികള്‍ ആരംഭിച്ച് ഏറ്റെടുക്കുന്ന ഭൂമി കൃത്യമായി അടയാളപ്പെടുത്തും. ഭൂമിയും കെട്ടിടഭാഗങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കും. കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ്. യോഗത്തിനെത്തിയവര്‍ പദ്ധതിക്ക് എല്ലാ സഹകരണവും പിന്തുണയും അറിയിച്ചു. കെട്ടിട ഉടമകള്‍ അഡ്വാന്‍സ് പൊസ്സഷന്‍ നല്‍കുമെങ്കില്‍ വളരെ പെട്ടെന്ന് തന്നെ പ്രവൃത്തികള്‍ ആരംഭിക്കാനാവുമെന്ന് അറിയിച്ചപ്പോള്‍ ചിലര്‍ അതിന് തയ്യാറായി മുന്നോട്ട് വന്നത് സന്തോഷകരമായ അനുഭവമായി-മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക പോസ്റ്റ്.