കൂറ്റനാട്: തൃത്താല നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മൂന്ന് അംഗങ്ങള്‍. പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരില്‍ നിന്നും വിജയിച്ച സി.പി.എം സ്ഥാനാര്‍ഥി പി. മമ്മിക്കുട്ടി, തരൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച പി.പി. സുമോദ് എന്നിവര്‍ നിലവില്‍ തൃത്താല മണ്ഡലത്തിലെ ആനക്കര, പട്ടിത്തറ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.ബി രാജേഷ് തൃത്താലയില്‍ നിന്ന് വിജയം നേടിയതോടെ മൂന്ന് എം.എല്‍.എമാരെയാണ് തൃത്താലക്കാര്‍ക്ക് ലഭിച്ചത്. ഒരു പതിറ്റാണ്ടിനു ശേഷമാണ് തൃത്താലക്കാര്‍ ഇടതിനൊപ്പം ചേര്‍ന്നത്.
തരൂരില്‍ പി.പി സുമോദ് 6162 വോട്ടിന്റെ ഭൂരിപക്ഷത്തിലും എം.ബി രാജേഷ് 3157 ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്. ഇത്തവണ ഷൊര്‍ണ്ണൂരില്‍നിന്ന് പി. മമ്മിക്കുട്ടി വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയം നേടിയത്. 33,772 ഭൂരിപക്ഷത്തിലാണ് പി.മമ്മിക്കുട്ടിയുടെ വിജയം. തൃത്താലയില്‍ നിന്ന് 2011ല്‍ മത്സരിച്ചെങ്കിലും വി.ടി ബല്‍റാമിനു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ എം.ബി.രാജേഷിന്റെ എതിരാളിയായിരുന്നു വി.ടി. ബല്‍റാം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് എം.ബി.രാജേഷ് വിജയം കണ്ടത്. പതിനഞ്ചാം നിയമസഭയില്‍ എം.ബി രാജേഷ് മന്ത്രിയായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൃത്താലയിലെ വോട്ടര്‍മാര്‍.