പേമാരിയിലും വെള്ളപ്പൊക്കത്തിലും കേടുപറ്റിയതും വെള്ളത്തില്‍ മുങ്ങിയതുമായ ബിഎംഡബ്ല്യു കാറുകള്‍ക്ക് സൗജന്യ സര്‍വ്വീസ് . വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡുകളിലും മറ്റും കുടുങ്ങിപോയ വാഹനങ്ങള്‍ സര്‍വ്വീസ് സെന്ററുകളില്‍ എത്തിക്കുന്നതിനും ,ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും സംസ്ഥാനത്തുടനീളം അംഗീകൃത ടെക്നീഷ്യന്മാരെയും അഡൈ്വസര്‍മാരെയും എത്തിക്കുമെന്നും ബിഎംഡബ്ല്യു അറിയിച്ചിട്ടുണ്ട്. ഈ അടിയന്തര സാഹചര്യം കണക്കിലെടുത്ത സ്പെയര്‍ പാര്‍ട്സുകള്‍ക്കായി കേരളത്തിലെ ഷോറൂമുകളില്‍ നിന്ന് ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളം വളരെ ഗുരുതരമായ സാഹചര്യം നേരിടുകയാണ്. ഈ സഹചര്യത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സകല പിന്തുണയും ഉറപ്പാക്കും. അവരുടെ വാഹനങ്ങള്‍ക്ക് കാര്യക്ഷമമായ സര്‍വ്വീസ് നല്‍കുന്നതിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും കമ്പനിയുടെ പിന്തുണയുണ്ടെന്ന് ബിഎംഡബ്ല്യു ചെയര്മാന് വിക്രം പാവ് പറഞ്ഞു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്കായി ബിഎംഡബ്ല്യുവിന്റെ റോഡ് സൈഡ് അസിസ്റ്റന്‍സ് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. 18001032211 എന്ന നമ്പറില്‍ 24 മണിക്കൂര്‍ സേവനമാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. വെള്ളപ്പൊക്കം ദുരിതം വിതച്ചതിനെ തുടര്‍ന്ന് ഫോക്സ്വാഗണ്, ബെന്‍സ് കാറുകള്‍ സൗജന്യ പരിശോധനയും സര്‍വ്വീസും നല്‍കുമെന്ന് ഇരു കമ്പനികളും മുമ്പ് അറിയിച്ചിരുന്നു.