അടുത്ത 3 മണിക്കൂറില്‍ പത്തു ജില്ലകളില്‍ ഇടിയോടുകൂടിയ മഴ, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത 3 മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ ഒക്ടോബര്‍ 26 വരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാസ്ഥാ വകുപ്പ് അറിയിച്ചു. 25ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പെയ്യും. 25ന് കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ടാഴ്ചയും (ഒക്ടോബര്‍ 22 – നവംബര്‍ 4 ) കേരളത്തില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ആദ്യ ആഴ്ചയില്‍ (ഒക്ടോബര്‍ 22 – 28 ) കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരദേശ പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലയില്‍ കൂടുതല്‍ മഴ കിട്ടിയേക്കും.

രണ്ടാമത്തെ ആഴ്ചയില്‍ വയനാട് ജില്ലയിലും കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലയിലും സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ കൂടുതല്‍ ലഭിക്കാനും സാധ്യതയുണ്ട്. നിലവില്‍ കോമോരിനു (തമിഴ്‌നാടിന്റെ തെക്കേ അറ്റം) മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കാരണം മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ഒരു ട്രെഫ് (ന്യൂനമര്‍ദ പാത്തി) നിലനില്‍ക്കുകയാണ്.

വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ യെലോ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. വയനാട് മുതല്‍ പത്തനംതിട്ട വരെ ശനിയാഴ്ചയും യെലോ അലര്‍ട്ടുണ്ട്. കന്യാകുമാരിക്കു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി തുടരുന്നതുമൂലം മലയോരത്തു ശക്തമായ മഴയുണ്ടാകും. ഇതു ന്യൂനമര്‍ദമാകാനുള്ള സാധ്യത ഇതുവരെയില്ലെന്നു കാലാവസ്ഥാ വകുപ്പ് പറയുന്നു.

Top