തുറമുഖം റിലീസ് വീണ്ടും മാറ്റി; പത്തിന് തിയറ്ററുകളിലെത്തും

നിവിൻ പോളിയെ പ്രധാനകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ റിലീസ് വീണ്ടും മാറ്റി. ജൂൺ മൂന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരാഴ്ച കൂടി കഴിഞ്ഞ് പത്തിന് തിയറ്ററുകളിലെത്തും. നേരത്തെ കോവിഡ്, ലോക്ഡൗൺ സമയത്തും ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവച്ചിരുന്നു.

റിലീസ് മാറ്റിയതുമായി ബന്ധപ്പെട്ട അണിയറക്കാരുടെ പ്രസ്താവന ചുവടെ:

അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ “തുറമുഖ”ത്തിന്റെ റിലീസ് വീണ്ടും ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കേണ്ടി വന്നിരിക്കുന്നു. കോവിഡും സാമ്പത്തിക കുടുക്കുകളും തിയറ്റർ അടച്ചിടലും ചലച്ചിത്ര വ്യവസായത്തിൽ വന്ന മാറ്റങ്ങളും ഒക്കെ കാരണം കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ പലതവണ ഉണ്ടായ ഈ മാറ്റിവെയ്ക്കലുകൾ, സഹൃദയരായ ആസ്വാദകരെയും തിയറ്റർ പ്രവർത്തകരെയും അണിയറയിൽ പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും ഓരോ പ്രാവശ്യവും നിരാശരാക്കുന്നുണ്ട്.

എങ്കിലും വർഷങ്ങളുടെ പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നിൽ തിരശ്ശീലയിൽ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂ. ജൂൺ പത്തിന് വെള്ളിത്തിരയിൽ ഈ ചിത്രത്തിന്റെ അനുഭവം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. അതിനു ഞങ്ങൾ സജ്ജരാണ്, പ്രതിജ്ഞാബദ്ധരാണ്! ശുഭാപ്തി വിശ്വാസത്തോടെ, തുറമുഖത്തിന്റെ അണിയറ പ്രവർത്തകർ.

മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായാണ് നിവിൻ പോളിയെത്തുന്നത്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Top