ഹൈദരാബാദ്∙ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തെലങ്കാനയിൽ 12 കോൺഗ്രസ് എംഎൽഎമാർ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയിലേക്ക്. ടിആര്‍എസില്‍ ലയിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎമാർ നിയമസഭാ സ്പീക്കർ പോച്ചാം ശ്രീനിവാസ റെഡ്ഡിക്കു കത്ത് നൽകി.
മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്‍റെ വികസന പദ്ധതികളില്‍ ആകൃഷ്ടരായാണ് പാര്‍ട്ടി മാറ്റമെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. തെലങ്കാനയിൽ കോൺഗ്രസിന് ആകെ 18 എംഎൽഎമാരാണുള്ളത്. ഇതില്‍ 12 പേരും ടിആര്‍എസില്‍ ലയിക്കാന്‍ സമ്മതിച്ചതോടെ ചട്ടപ്രകാരം സ്പീക്കര്‍ക്ക് അനുമതി നല്‍കേണ്ടി വരും.
എംഎല്‍എമാരെ ടിആര്‍എസ് വിലയ്ക്കെടുക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നീക്കത്തെ ജനാധിപത്യപരമായി നേരിടുമെന്ന് തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് എൻ.ഉത്തംകുമാർ റെഡ്ഡി പറഞ്ഞു. നിയമസഭാ സ്പീക്കറെ വ്യാഴാഴ്ച രാവിലെ മുതൽ അന്വേഷിക്കുകയാണെന്നും അദ്ദേഹത്തെ കാണാതായതായും ഉത്തംകുമാർ മാധ്യമങ്ങളോടു പറഞ്ഞു.